Your Image Description Your Image Description

കൊച്ചി: തങ്ങളുടെ ശ്രീലങ്കന്‍ സബ്സിഡിയറി ആയ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍സി (എഎഎഫ്)  2014-ലെ ഏറ്റെടുക്കലിന് ശേഷമുള്ള ഒരു ദശാബ്ദത്തെ ലാഭകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു. ശ്രീലങ്കയിലുടനീളം നൂറിലധികം ശാഖകളിലൂടെയുളള ഈ നേട്ടം തന്ത്രപരമായ അന്താരാഷ്ട്ര വിപണി വിപുലീകരണത്തിലൂടെ ആഗോള സാമ്പത്തിക സേവന സ്ഥാപനമെന്ന സ്ഥാനം കമ്പനി ഉറപ്പിക്കുകയാണ്.

ഈ അവസരത്തില്‍ കൊച്ചിയിലെ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, ഏഷ്യ അസറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ വി എ പ്രശാന്ത്, മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയും ആയ കെ ആര്‍ ബിജിമോന്‍, മുത്തൂറ്റ് ഫിനാന്‍സ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി രോഹിത് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആകെ 5705 ദശലക്ഷം രൂപയുടെ വായ്പാ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന എഎഎഫില്‍ മുത്തൂറ്റ് ഫിനാന്‍സിന് 72.92 ശതമാനം വിഹിതമാണുള്ളത്.

ശ്രീലങ്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള എഎഎഫിന് രാജ്യത്തുടനീളമായി നൂറിലേറെ ബ്രാഞ്ചുകളാണുള്ളത്.  2024 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനത്തിന്‍റെ 54 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നികുതിക്കു ശേഷമുള്ള ലാഭമായ 95.61 മില്യണ്‍ രൂപ (344.2 എല്‍കെആര്‍) എന്ന നേട്ടം കൈവരിക്കുകയുണ്ടായി.  ശ്രീലങ്കയിലെ ഫിച്ച് റേറ്റിങില്‍ നിന്ന് 2024 മാര്‍ച്ചില്‍ എഎഎഫ് എ പ്ലസ് സ്റ്റേബിള്‍ ഔട്ട്ലുക്ക് റേറ്റിങ് കരസ്ഥമാക്കി തങ്ങളുടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു.

 ശ്രീലങ്കയിലെ ഏറ്റവും വിശ്വസനീയമായ സാമ്പത്തിക സേവന ദാതാക്കളില്‍ ഒന്നാണ് എഎഎഫ്.  ബ്രാഞ്ചുകള്‍ വിപുലീകരിക്കാനുള്ള എഎഎഫിന്‍റെ നീക്കങ്ങള്‍ തുടരുകയാണ്. എഎഎഫില്‍ കൂടുതല്‍ പ്രവര്‍ത്തന കാര്യക്ഷമത, സാങ്കേതികവിദ്യകള്‍ സ്വീകരിക്കല്‍, ചെലവു കുറക്കല്‍ തുടങ്ങിയവയിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യയിലെ തങ്ങളുടെ മുഖ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഒപ്പം വിശ്വസനീയമായ ബിസിനസ് മാതൃക പുതിയ വിപണികളിലേക്കു വ്യാപിപ്പിക്കുകയുമാണ്.

തങ്ങളുടെ സ്വര്‍ണ പണയ വായ്പകള്‍  2019 സാമ്പത്തിക വര്‍ഷത്തിനും 2023 സാമ്പത്തിക വര്‍ഷത്തിനുമിടയില്‍ നാലു മടങ്ങു വര്‍ധിച്ചതിലൂടെ ശ്രീലങ്കയുടെ തന്ത്രപരമായ പ്രാധാന്യവും വ്യക്തമാകുകയാണ്.  സാമ്പത്തിക മേഖലയിലെ സ്വര്‍ണ പണയത്തിന്‍റെ വിഹിതം ഇതിലൂടെ നാലു ശതമാനത്തില്‍ നിന്നു 18 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.  ഹ്രസ്വകാല വായ്പകള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു വരുന്നതും സ്വര്‍ണത്തിന്‍റെ  പണയപ്പെടുത്തുന്നതിനും പണം ലഭ്യമാക്കാനും ഉള്ള കഴിവുകളും പണം തിരിച്ചെടുക്കാന്‍ വായ്പാ ദാതാക്കള്‍ക്ക് എളുപ്പത്തില്‍ കഴിയുന്നതും ഈ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. ഇതിനു പുറമെ രാജ്യത്തെ ജനതയുടെ 51 ശതമാനത്തോളം ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാത്തവരാണെന്നതും വായ്പാ സേവനങ്ങള്‍ വിപുലീകരിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.  എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാനുള്ള മുത്തൂറ്റ് ഫിനാന്‍സിന്‍റെ പ്രതിബദ്ധതയ്ക്ക് ഒപ്പമാണ് ഇത്.

സ്വര്‍ണ പണയ വായ്പയ്ക്ക് ഒപ്പം എഎഎഫിലൂടെ ബിസിനസ് വായ്പകള്‍, മൈക്രോ മോര്‍ട്ട്ഗേജ് വായ്പകള്‍, വാഹന വായ്പകള്‍ തുടങ്ങിയവയും നല്‍കുന്നതിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ശ്രീലങ്കയിലെ 2-3 ലക്ഷം ഉപഭോക്താക്കളെയാണ് ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ നേടാനും വായ്പാ ചരിത്രം വളര്‍ത്തിയെടുക്കാനും പിന്തുണച്ചത്.  പ്രതികൂലമായ സാമ്പത്തിക പശ്ചാത്തലങ്ങള്‍ക്കിടയിലും ഏഷ്യ അസറ്റ് ഫിനാന്‍സിനെ ശ്രീലങ്കയിലെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ ആക്കി മാറ്റാന്‍ കഴിയുന്നത്  തങ്ങളുടെ ബിസിനസ് മാതൃകയുടെ ശക്തിയും വലുപ്പവുമാണ് ചൂണ്ടിക്കാട്ടുന്നത്.  എഎഎഫിന്‍റെ സുസ്ഥിര വളര്‍ച്ച മൂത്തൂറ്റ് ഫിനാന്‍സിന്‍റെ ആഗോള, മൊത്ത വളര്‍ച്ചാ പദ്ധതികളെ കൂടുതല്‍ ശക്തമാക്കുന്നുമുണ്ട്.

ബിസിനസ് ബന്ധങ്ങള്‍ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ അടുത്തിടെ നടത്തിയ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളിലേയും ബിസിനസുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് പുറത്തേക്കു വിപുലീകരിക്കാനും ആഗോള സാമ്പത്തിക സ്ഥാപനമായി വളരാനുമുള്ള തങ്ങളുടെ കാഴ്ചപ്പാടിന് ഒപ്പം നില്‍ക്കുന്ന തന്ത്രപരമായ ചുവടുവെപ്പായിരുന്നു ശ്രീലങ്കന്‍ വിപണിയിലേക്കുള്ള തങ്ങളുടെ വിപുലീകരണം എന്ന് കമ്പനിയുടെ ആഗോള കാഴ്ചപ്പാടിനെ കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.  ഏഷ്യ അസറ്റ് ഫിനാന്‍സുമായുള്ള ഒരു ദശാബ്ദം നീണ്ട പങ്കാളിത്തം വായ്പാ വിഭാഗത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍  33 ശതമാനം വളര്‍ച്ച ഉള്‍പ്പെടെയുള്ള ശക്തമായ നാഴികക്കല്ലുകള്‍ പിന്നിടാന്‍ സഹായിച്ചു.  2025 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഇത് 2609 എല്‍കെആര്‍ എന്ന നിലയിലെത്തി. 2024 ഡിസംബറില്‍ സബ്സിഡിയറി നൂറാമത്തെ ബ്രാഞ്ചും ആരംഭിച്ച് ശ്രീലങ്കയിലെ വളര്‍ച്ച കൂടുതല്‍ വിപുലമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളിലും കൈവരിക്കാനായ ഏഷ്യ അസറ്റ് ഫിനാന്‍സിന്‍റെ വിജയം തങ്ങളുടെ ബിസിനസ് മാതൃകയുടേയും ഏതു മേഖലയിലും മൂല്യങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ കഴിവിന്‍റേയും ശക്തിയാണു തെളിയിക്കുന്നത്.  ഈ നാഴികക്കല്ല് ആഗോള തലത്തിലെ വളര്‍ച്ച മാത്രമല്ലെന്നും ഇന്ത്യയിലെ വിജയഗാഥ പിന്തുടര്‍ന്ന് ആഗോള തലത്തില്‍ വിശ്വാസ്യതയും ശാക്തീകരണവും എത്തിക്കല്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *