Your Image Description Your Image Description

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തി​ന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദ് സന്ധ്യ തീയറ്ററിലാണ് തിക്കിലും തിരക്കിലും പെട്ട് യുവതി കൊല്ലപ്പെട്ടത്. എന്നാൽ ഹൈദരാബാദ് പോലീസ് പുറത്ത് വിട്ടിരിക്കുന്ന, തീയറ്ററിലെ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് മറ്റൊരു കാഴ്ചയാണ്.

നവംബര്‍ 4 രാത്രി നടന്ന തിക്കിലും തിരക്കിലും മരിച്ച രേവതിയെ ബൗൺസർമാർ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. വടികൾ ഉപയോഗിച്ച് ആളുകളെ സ്വകാര്യ സെക്യൂരിറ്റി സംഘം തല്ലുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബൗൺസർമാർക്ക് ഒപ്പം ചില നാട്ടുകാരും ഇതില്‍ ഉള്‍പ്പെട്ടുവെന്നാണ് വിവരം.

അല്ലു അർജുന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. അല്ലു അർജുൻ തിരികെ വീട്ടിലേക്ക് മടങ്ങി. അതേ സമയം ഇതേ കേസില്‍ അല്ലുവിൻറെ സ്വകാര്യ സെക്യൂരിറ്റി മാനേജർ കസ്റ്റഡിലായിട്ടുണ്ട്. ഹൈദരാബാദ് സ്വദേശി ആന്‍റണി ജോണിനെയാണ് ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
നാട്ടുകാരെ കൈകാര്യം ചെയ്തതിന് ആന്‍റണിയെയും പ്രൈവറ്റ് സെക്യൂരിറ്റി ടീമിലെ മറ്റ് അംഗങ്ങളെയും കേസിൽ പ്രതി ചേർത്തിരുന്നു. അതേ സമയം അല്ലു അര്‍ജുന്‍റെ കേസ് വാദിക്കുന്ന നിയമ സംഘം സന്ധ്യ തീയറ്റര്‍ സന്ദര്‍ശിച്ചു.

പൊലീസ് ചോദ്യം ചെയ്യലില്‍ മൗനം പാലിക്കുകയായിരുന്നു അല്ലു അര്‍ജുന്‍ എന്നാണ് വിവരം.
അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയര്‍ നടന്ന തിയറ്ററിലേക്ക് എത്തിയത് എന്തിനെന്ന് പൊലീസ് അല്ലു അര്‍ജുനോട് ചോദിച്ചു. സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മർദ്ദിച്ചതിൽ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്നായിരുന്നു പൊലീസിന്‍റെ മറ്റൊരു ചോദ്യം. ഇവയോടൊന്നും അല്ലു ഒന്നും പ്രതികരിച്ചില്ല.

നേരത്തേ പൊലീസ് സംഘം പുറത്തുവിട്ട, സന്ധ്യ തിയറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അർജുന് മുന്നില്‍ പ്രദർശിപ്പിച്ചു. എപ്പോഴാണ് സ്ത്രീയുടെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നും പൊലീസ് അല്ലുവിനോട് ചോദിച്ചു. പരസ്പര വിരുദ്ധ പ്രസ്താവനകളല്ലേ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയതെന്നും പൊലീസ് അല്ലുവിനോട് ആരാഞ്ഞു. എന്നാല്‍ ഇതിനൊന്നും മറുപടി പറയാതെയാണ് അല്ലു അർജുൻ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇരുന്നത്. ഡിസിപിയും എസിപിയും നേതൃത്വം നൽകുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലുവിനെ ചോദ്യം ചെയ്തത്.

ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *