Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെജ്‌രിവാള്‍ തയ്യാറാവാതിരുന്നതോടെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിനുശേഷം അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റു ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍. കെജ്രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പോലീസ് തടഞ്ഞതായും പാര്‍ട്ടി ആരോപിച്ചു.

‘നാളെ രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അറസ്റ്റും ഉണ്ടായേക്കും’, മുതിര്‍ന്ന പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി എക്‌സില്‍ കുറിച്ചു. മറ്റു മുതിര്‍ന്ന് പാര്‍ട്ടി നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവരും സമാന പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.

നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും രണ്ടുതവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്. എന്നാല്‍ ഇതിനും ഹാജരാവാതെയിരുന്ന കെജ്‍രിവാൾ, രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയും റിപ്പബ്ലിക്ക് ദിന തയ്യാറെടുപ്പുകളുടെയും തിരക്കിലാണെന്നും ചോദ്യാവലി നൽകിയാൽ മറുപടി നൽകാമെന്നും ഇ.ഡി.യെ രേഖാമൂലം അറിയിച്ചു. ആവശ്യപ്പെട്ടാൽ കൈവശമുള്ള രേഖകൾ നൽകാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നോട്ടീസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കേസില്‍ സാക്ഷിയായാണോ പ്രതിയായാണോ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്ന് വ്യക്തമല്ലെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രചരണം നടത്തുന്നതില്‍ നിന്നും അദ്ദേഹത്തെ തടയുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് ആം ആദ്മി പാര്‍ട്ടിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *