Your Image Description Your Image Description
Your Image Alt Text

ക്ലാസിക് കംപ്യൂട്ടർ ഗെയിമായ ടെട്രിസിനെ തോല്പിക്കുന്ന ആദ്യ മനുഷ്യനായി 13 വയസുകാരൻ. വില്ലിസ് ഗിബ്സൺ എന്ന അമേരിക്കൻ സ്വദേശിയാണ് ടെട്രിസ് ഗെയിം അവസാനിക്കും വരെ കളിച്ചത്. ഗെയിമിൻ്റെ നിൻ്റെൻഡോ വേർഷനിലായിരുന്നു വില്ലിസിൻ്റെ കളി. കളി അവസാനിക്കുമ്പോഴുള്ള കിൽ സ്ക്രീനിൽ എത്താൻ വില്ലിസിനു സാധിച്ചു. ഇതുവരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനു മാത്രമേ ഇത് സാധിച്ചിരുന്നുള്ളൂ.

തൻ്റെ യൂട്യൂബ് അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഒകലഹോമയിൽ താമസിക്കുന്ന വില്ലിസിൻ്റെ ഈ നേട്ടം ലോകമറിഞ്ഞത്. 40 മിനിട്ട് നീണ്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കട്ടയടുക്കൽ എന്ന് മലയാളികൾ പൊതുവെ വിളിക്കുന്ന ഗെയിമാണ് ടെട്രിസ്. വിവിധ രൂപത്തിൽ വീഴുന്ന കട്ടകൾ ഒരു പെട്ടിക്കുള്ളിൽ ഒഴിവിടങ്ങളില്ലാതെ അടുക്കിയാണ് ഇത് കളിക്കേണ്ടത്. ഇങ്ങനെ അടുക്കുമ്പോൾ പൂർത്തിയാകുന്ന നിരകൾ അപ്രത്യക്ഷമാകും. കട്ടകൾ വീഴുന്ന വേഗത വർധിക്കുന്നതാണ് ഗെയിം ത്രില്ലിങ് ആക്കുന്നത്. 29ആം ലെവലിൽ മനുഷ്യന് പ്രതികരിക്കാൻ കഴിയാത്തത്ര വേഗത്തിലാണ് കട്ടകൾ വീഴുക. ഇതാണ് ഗെയിമിൻ്റെ അവസാന ലെവൽ എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, വീണ്ടും മുന്നോട്ടുപോകൻ കഴിയുമെന്ന് ആധുനിക ഗെയിമർമാർ കണ്ടെത്തി. ഒടുവിൽ, ഡിസംബർ 21ന് ഗെയിമിൻ്റെ 157ആം ലെവലിലാണ് ടെട്രിസ് അതിൻ്റെ അവസാനത്തിലെത്തിയത്. വില്ലിസ് ഒരു ബ്ലോക്ക് വീഴ്ത്തി ഒരു നിര അപ്രത്യക്ഷമായപ്പോൾ ഗെയിം ഫ്രീസ് ആവുകയായിരുന്നു.

ആർക്കേഡ് ഗെയിം ആയി 1988ൽ പുറത്തിറങ്ങിയ ടെട്രിസ് അടാരി ഗെയിംസ് ആണ് പുറത്തിറക്കിയത്. പിന്നീട് മൊബൈലിൽ അടക്കം ഗെയിമിൻ്റെ വിവിധ പതിപ്പുകൾ വന്നു. ഇപ്പോഴും ജനപ്രിയ ഗെയിമായ ടെട്രിസ് ബ്രിക്ക് ഗെയിമിലടക്കം പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *