Your Image Description Your Image Description
Your Image Alt Text

ദില്ലി: ഹോട്ടലില്‍ കൊലപ്പെട്ട മുന്‍ മോഡല്‍ ദിവ്യ പഹുജയെ, 2016 ജൂലൈ 14നാണ് ഗുണ്ടാ നേതാവും കാമുകനുമായ സന്ദീപ് ഗഡോളിയെ കൊല്ലാന്‍ സഹായിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴെല്ലാം താന്‍ നിരപരാധിയാണെന്നാണ് ദിവ്യ ആവര്‍ത്തിച്ച് പറഞ്ഞത്. സന്ദീപ് ഗുണ്ടാ സംഘത്തിന്റെ നേതാവാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ദിവ്യ കോടതിയില്‍ പറഞ്ഞിരുന്നു.

2016 ഓഗസ്റ്റ് 30ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിവ്യ പറഞ്ഞത്: ”എന്റെ ജീവിതം നശിച്ചു. കേസില്‍ എന്റെ പേര് ഉയര്‍ന്നത് മുതല്‍ ആരും എന്നോട് സംസാരിക്കുന്നില്ല. സുഹൃത്തുക്കള്‍ എന്നെ വിട്ടുപോയി. തികച്ചും ഒറ്റപ്പെട്ടു. സംഭവം നടക്കുമ്പോള്‍ എനിക്ക് 19 വയസായിരുന്നു. 20-ാം വയസിലേക്ക് പ്രവേശിക്കാനിരിക്കുന്നു. കേസില്‍പ്പെട്ടതോടെ ജോലിയും നഷ്ടപ്പെട്ടു. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. റൂം നമ്പറോ ഹോട്ടല്‍ നമ്പറോ പൊലീസിന് നല്‍കിയില്ല. സന്ദീപ് ഗഡോളി ഗുണ്ടാ നേതാവാണെന്ന് എനിക്കറിയില്ലായിരുന്നു. ഹോട്ടല്‍ രജിസ്റ്ററില്‍ പോലും അയാള്‍ വ്യാജ പേരും വ്യാജ ഐഡന്റിറ്റി കാര്‍ഡുമാണ് നല്‍കിയത്. സന്ദീപിന്റെ ക്രിമിനല്‍  പശ്ചാത്തലത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. മനീഷ് എന്ന സുഹൃത്താണ് എനിക്ക് സന്ദീപ് ഗഡോളിയെ പരിചയപ്പെടുത്തിയത്. ഋഷഭ് എന്ന പേര് പറഞ്ഞതാണ് സന്ദീപിനെ പരിചയപ്പെടുത്തിയത്. അനിയത്തിക്ക് ചെറുപ്പമാണ്. പിതാവ് വികലാംഗനാണ്. ഞങ്ങള്‍ക്ക് ഇവിടെ ആരുമില്ല. സഹായത്തിനായി ആരെ സമീപിക്കണമെന്നും അറിയില്ല.”

താന്‍ പൊലീസിനും ഗുണ്ടാസംഘത്തിനുമിടയില്‍ കുടുങ്ങിയിരിക്കുകയാണെന്നും ജയില്‍ വാസം തന്റെ മാനസികാരോഗ്യത്തെ ബാധിക്കുകയാണെന്നും പിന്നീടൊരിക്കല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിവ്യ പറഞ്ഞിരുന്നു. തുടര്‍ന്നും നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ദിവ്യക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ ബോംബെ ഹൈക്കോടതി 2023 ജൂണിലാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്.

2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന വെടിവെപ്പില്‍ ഗുണ്ടാ നേതാവ് സന്ദീപ് കൊല്ലപ്പെട്ടത്. സന്ദീപ് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് സ്വയരക്ഷയ്ക്ക് വേണ്ടി വെടിവച്ച് കൊന്നെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ നിരായുധനായിരുന്ന സന്ദീപിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നതാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൊല്ലപ്പെടുമ്പോള്‍ ദിവ്യയും സന്ദീപിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് വ്യാജ ഏറ്റുമുട്ടലിന് സഹായിച്ചെന്ന കുറ്റത്തിന് ദിവ്യയെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *