Your Image Description Your Image Description

ലണ്ടൻ: ആയിരം വർഷത്തോളമായി പ്രവർത്തിച്ചു പോന്നിരുന്ന ബ്രിട്ടനിലെ മത്സ്യവും മാംസവും വിൽക്കുന്ന പുരാതനമായ രണ്ട് മാർക്കറ്റുകൾക്ക് താഴ് വീഴുന്നു. മധ്യ കാലഘട്ടം മുതൽ പ്രവർത്തിക്കുന്ന സവിശേഷമായ മാർക്കറ്റാണ് അടച്ചു പൂട്ടാനൊരുങ്ങുന്നത്.

ബില്ലിംഗ്‌സ്‍ഗേറ്റ് ഫിഷ് മാർക്കറ്റ്, സ്മിത്ത്ഫീൽഡ് മീറ്റ് മാർക്കറ്റ് എന്നിവയാണ് അടച്ചു പൂട്ടാൻ ഒരുങ്ങുന്നത്. സിറ്റി ഓഫ് ലണ്ടൻ കോർപ്പറേഷൻ ഈ രണ്ട് മാർക്കറ്റുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഒഴിയാനുള്ള ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 11-ാം നൂറ്റാണ്ട് മുതൽ രാജ്യത്തിന്‍റെ തലസ്ഥാന നഗരിയിലുണ്ടായിരുന്ന മാർക്കറ്റുകളാണിവ. മാർക്കറ്റ് ലണ്ടന് കിഴക്ക് ഡാഗൻഹാമിലേക്ക് മാറ്റിസ്ഥാപിക്കേണ്ടതില്ലെന്ന് കോർപ്പറേഷൻ തീരുമാനിച്ചു.

അടുത്തിടെയുണ്ടായ പണപ്പെരുപ്പവും നിർമ്മാണ ചെലവിലെ വർദ്ധനവും കണക്കിലെടുത്താണ് കോർപ്പറേഷന്‍റെ തീരുമാനം. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. 2028 വരെ പ്രവർത്തനം തുടരും. മാർക്കറ്റിന്‍റെ പ്രവർത്തനങ്ങളിൽ നിന്ന് കോർപറേഷൻ പിന്മാറുന്നതിലൂടെ വ്യാപാരികൾക്ക് സ്വതന്ത്രമായ അവസരങ്ങൾ തുറന്നു കിട്ടുമെന്ന് ലണ്ടൻ കോർപ്പറേഷൻ പോളിസി ചെയർമാൻ ക്രിസ് ഹെയ്വാർഡ് പറഞ്ഞു. അവർക്ക് ഒറ്റയ്ക്കോ സംഘമായോ ലണ്ടനിൽ അവർ ആഗ്രഹിക്കുന്നിടത്തേക്ക് പ്രവർത്തനം മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്മിത്ത്ഫീൽഡ് മാർക്കറ്റ് സാധാരണ പ്രവർത്തനം തുടങ്ങുന്നത് രാത്രി 10 മണിക്കാണ്. രാവിലെ 6 മണിക്ക് പ്രവർത്തനം അവസാനിക്കും. പ്രധാനമായും റെസ്റ്റോറന്‍റുകളാണ് ഇവിടെ നിന്ന് മത്സ്യവും മാംസവും വാങ്ങുന്നത്. മാർക്കറ്റിന് ചുറ്റുമുള്ള പബ്ബുകൾക്ക് അതിരാവിലെ തുറക്കാൻ പ്രത്യേക ലൈസൻസുകൾ ഉണ്ടായിരുന്നു. വ്യാപാരികൾക്കായാണ് അവ അതിരാവിലെ പ്രവർത്തിച്ചിരുന്നത്. മാർക്കറ്റ് പ്രവർത്തനം നിർത്തുന്നതോടെ ബില്ലിംഗ്‌സ്‍ഗേറ്റിൽ 4000 പുതിയ വീടുകൾ നിർമ്മിക്കാനാണ് പുതിയ നിർദ്ദേശം. അതേസമയം സ്മിത്ത്ഫീൽഡ് സാംസ്കാരിക കേന്ദ്രമായി മാറ്റി പുതിയ ലണ്ടൻ മ്യൂസിയം സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *