Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പി. മഹുവാ മോയിത്രയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായി. പശ്ചിമ ബെംഗാള്‍ പോലീസിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് മഹുവ തന്നെ അനധികൃതമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം സി.ബി.ഐ. ഡയറക്ടര്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പരാതി നല്‍കി. ഡിസംബര്‍ 29-നാണ് പരാതി നല്‍കിയത്.

തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് എവിടെയാണുള്ളത് എന്ന കാര്യം മഹുവ പരിശോധിക്കാനിടയുണ്ടെന്നും ജയ് അനന്ത് ആരോപിച്ചു. മഹുവയുടെ മുന്‍ ആണ്‍സുഹൃത്തായിരുന്നു ഇദ്ദേഹം. ജയ് അനന്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മഹുവ ചോദ്യത്തിന് കോഴ വിവാദത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് ലോക്‌സഭാ എം.പി. സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

മഹുവ, സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തി മറ്റ് വ്യക്തികളെ നിരീക്ഷിക്കുകയും അവരുടെ കോള്‍ ഡീറ്റയില്‍ റെക്കോര്‍ഡ്‌സ് സംഘടിപ്പിക്കുകയും അവര്‍ ആരൊക്കെയുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിവരശേഖരണം നടത്തിയിട്ടുണ്ടെന്നും ജയ് അനന്ത് ആരോപിക്കുന്നു. സുഹാന്‍ മുഖര്‍ജി എന്നൊരാളെ 2019-ല്‍ മഹുവ നിരീക്ഷിച്ചിരുന്നെന്നും അദ്ദേഹം പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യം നേരിട്ടും വാട്‌സ് ആപ്പ് മുഖാന്തരവും മഹുവ പറഞ്ഞിട്ടുണ്ട്. മുന്‍ ആണ്‍സുഹൃത്തായ സുഹാന്‍ മുഖര്‍ജി എന്നയാളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് നേരിട്ടും വാട്‌സ് ആപ്പിലൂടെയും മഹുവ തന്നോട് പലതവണ പറഞ്ഞിട്ടുണ്ടെന്ന് ജയ് അനന്ത് പരാതിയില്‍ ആരോപിക്കുന്നു. ഒരു ജര്‍മന്‍ വനിതയുമായി സുഹാന്‍ ബന്ധത്തിലാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു മഹുവയുടെ നടപടി എന്നും പരാതിയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബെംഗാള്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ സുഹാന്റെ മുഴുവന്‍ കോള്‍ റെക്കോഡുകളും കോള്‍ ഹിസ്റ്ററിയും മഹുവ കൈവശപ്പെടുത്തിയിരുന്നെന്നും ജയ് അനന്ത് പരാതിയില്‍ ആരോപിക്കുന്നുണ്ട്. സുഹാന്‍ ഏതൊക്കെ വ്യക്തികളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഫോണിന്റെ ലൊക്കേഷനും കൃത്യമായി മഹുവ അറിഞ്ഞിരുന്നെന്നും ജയ് അനന്ത് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *