Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിന് ഇൻഡ്യ മുന്നണി കൺവീനറുടെ ചുമതല വാഗ്ദാനം ചെയ്തേക്കുമെന്ന് മുന്നണി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇത് സംബന്ധിച്ച് നിതീഷ് കുമാറുമായി ഓൺലൈൻ മീറ്റിങ്ങിൽ ചർച്ച ചെയ്യുമെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ജയറാം രമേശ്, കെ സി വേണുഗോപാൽ മറ്റ് പാർട്ടികളിൽ നിന്നുള്ള രണ്ട് നേതാക്കൾ എന്നിവർ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കും. ഇൻഡ്യ സഖ്യത്തോടുള്ള അതൃപ്തി നിതീഷ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ഡിസംബർ 29 ന് ഡൽഹിയിൽ നടന്ന ജെഡിയു ദേശീയ എക്സിക്യൂട്ടീവിന് ശേഷം ബിഹാർ മുഖ്യമന്ത്രി ഇൻഡ്യ മുന്നണിയുടെ പ്രവർത്തനങ്ങളിൽ നിരാശപ്രകടിപ്പിച്ചിരുന്നു. തന്റെ നിർദ്ദേശങ്ങളൊന്നും ഗൗനിക്കുന്നില്ലെന്നും നിതീഷ് ആരോപിച്ചിരുന്നു.

 

രാഷ്ട്രീയ ജനതാദൾ തലവൻ ലാലു പ്രസാദ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ, ഇടതുപാർട്ടികളുടെ നേതാക്കൾ തുടങ്ങിയവരുമായി കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് നിതീഷിനെ കൺവീനറാക്കാനുള്ള നീക്കമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് മുൻകൈ എടുത്ത് നടത്തുന്ന പുതിയ നീക്കത്തെ മറ്റുകക്ഷികളും അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്.

എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിഹാർ ധനമന്ത്രി വിജയ് കുമാർ ചൗധരിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ‘അത്തരം നിർദ്ദേശങ്ങൾ വന്നാൽ മുതിർന്ന ജെഡിയു നേതാക്കൾ വിഷയം ചർച്ച ചെയ്യും. എന്നാൽ അന്തിമ തീരുമാനം എടുക്കുക നിതീഷ് കുമാറായിരിക്കും. നാമെല്ലാവരും അത് സ്വീകരിക്കു’മെന്നും വിജയ് കുമാർ ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. ഇൻഡ്യ സഖ്യത്തിൻ്റെ സീറ്റ് പങ്കുവയ്ക്കലിലെ കാലതാമസത്തെയും നിതീഷിൻ്റെ വിശ്വസ്തനായ വിജയ് കുമാർ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *