Your Image Description Your Image Description

എറണാകുളം : തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.തൊഴിൽ ഉടമകളും ബന്ധപ്പെട്ട അധികാരികളും, സര്‍ക്കാര്‍ സംവിധാനങ്ങളുമടക്കം തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാണോ എന്ന പരിശോധന നടത്തേണ്ടതുണ്ട് എന്നാണു കമ്മീഷന്‍ മുമ്പാകെ വരുന്ന പരാതികളുടെ ആധിക്യം ബോധ്യപ്പെടുത്തുന്നതെന്നു ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ കമ്മിഷന്‍ നടത്തിയ അദാലത്തില്‍ ലഭിച്ച പരാതികളിലേറെയും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതു കൂടാതെ കുടുംബ പ്രശ്നങ്ങള്‍, ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍,

മുതിര്‍ന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പരാതികളും കൂടുതലായി ലഭ്യമായിട്ടുണ്ട്.ഐ ടി മേഖലയില്‍ നിന്നു ലഭിച്ച പരാതിയില്‍ ബന്ധപ്പെട്ട കമ്പനിയോട് ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ എന്നും ഈ പരാതി കമ്മിറ്റിയുടെ മുന്‍പില്‍ പരിഗണിച്ചോ എന്നതിന്റെയും റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനസാന്ദ്രത കൂടുമ്പോള്‍ എല്ലാ സ്ഥലങ്ങളിലും അയല്‍പക്ക തര്‍ക്കങ്ങളും കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.തദ്ദേശ സ്വയംഭരണ തലത്തിലുള്ള ജാഗ്രതാ സമിതികളിലൂടെ നിയമ ബോധവല്‍ക്കരണം ശക്തിപ്പെടുത്താനും, പ്രശ്നങ്ങളില്‍ പ്രാദേശികമായി തന്നെ ഇടപെടലുകള്‍ നടത്താനും സാധിക്കണം. ഇതിനായി ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കമ്മിഷന്‍ വിലയിരുത്തി.

അദാലത്തില്‍ ആകെ 102 പരാതികള്‍ ലഭിച്ചു. 19 പരാതികള്‍ തീര്‍പ്പായി. അഞ്ച് പരാതികള്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായി കൈമാറി. രണ്ട് പരാതികളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ് നല്‍കാനും തീരുമാനിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *