Your Image Description Your Image Description

കൊൽക്കത്ത: ഇന്ത്യൻ സിനിമയിലെ ക്ലാസിക് ചിത്രമായ സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർ​ഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടി ഉമാ ദാസ്​ഗുപ്ത അന്തരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദ ബാധിതയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു ഉമാ ദാസ്​ഗുപ്തയുടെ മരണം. ആനന്ദ് ബസാർ പത്രികയിലൂടെ നടിയുടെ ബന്ധുവും നടനും രാഷ്ട്രീയനേതാവുമായ ചിരഞ്ജീത് ചക്രബർത്തിയാണ് ഇക്കാര്യം അറിയിച്ചത്.

അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചികിത്സയിലായിരുന്നു അവർ. ഇടക്കാലത്ത് മരുന്നുകളോട് ശരീരം നന്നായി പ്രതികരിച്ചിരുന്നെങ്കിലും രോ​ഗം വീണ്ടും അവരെ പിടികൂടി. വിദ​ഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അവർ അവിടെവെച്ചുതന്നെ അന്തരിച്ചു. തിങ്കളാഴ്ച തന്നെ വൈകീട്ട് കിയോരതല ശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വളരെ ചെറുപ്പത്തിലേതന്നെ തിയേറ്റർ രം​ഗത്തേക്ക് വന്നവരാണ് ഉമാ ദാസ്​ഗുപ്ത. ഉമ പഠിച്ചിരുന്ന സ്കൂളിലെ പ്രധാനാധ്യാപകൻ സത്യജിത് റായിയുടെ സുഹൃത്തായിരുന്നു. ഈ അധ്യാപകനിലൂടെയാണ് റായ് ദുർ​ഗ എന്ന വേഷത്തിലേക്ക് ഉമയെ തിരഞ്ഞെടുത്തത്. പിന്നീട് നടന്നത് ചരിത്രം. മകൾ സിനിമയിൽ അഭിനയിക്കുന്നതിനോട് പിതാവിന് വലിയ താത്പര്യമില്ലായിരുന്നു. എങ്കിലും പിന്നീട് അദ്ദേഹം മകളുടെ താത്പര്യത്തിന് വഴങ്ങി. പക്ഷേ പഥേർ പാഞ്ചാലിക്കുശേഷം വളരെക്കുറച്ച് ചിത്രങ്ങളിലേ ഉമ പിന്നീട് വേഷമിട്ടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *