Your Image Description Your Image Description

ആലപ്പുഴ : സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഒന്നാമതെത്തുന്ന ജില്ലയ്ക്കായി ഇതാദ്യമായി ഏര്‍പ്പെടുത്തിയ എജ്യൂക്കേഷന്‍ മിനിസ്റ്റേഴ്‌സ് ട്രോഫി മേള നഗരിയിലെത്തി. ഇത്തവണ സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ മത്സരാര്‍ത്ഥി കൂടിയായ കറ്റാനം വെട്ടിക്കോട്ട് നന്ദനത്തില്‍ അഭിനന്ദു എസ് ആചാര്യയാണ് മനോഹരമായ ട്രോഫി തയ്യാറാക്കിയത്. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ വെച്ച് ഏര്‍പ്പെടുത്തുന്ന ട്രോഫിയായതു കൊണ്ടു ആലപ്പുഴയുടെ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തിയ ട്രോഫിയാണ് തയ്യാറായിരിക്കുന്നത്.

തേക്കിന്‍ തടിയും പിച്ചളയും ചേര്‍ത്ത് നിര്‍മ്മിച്ച രണ്ടടി ഉയരമുള്ള ട്രോഫിക്ക് അഞ്ചു കിലോഗ്രാം ഭാരമുണ്ട്. ആലപ്പുഴയുടെ പൈതൃകമായ ചുണ്ടന്‍ വള്ളവും വീടുവഞ്ചിയും വിളക്കുമാടവും തെങ്ങുമെല്ലാം ഇണക്കിച്ചേര്‍ത്ത് നിര്‍മ്മിച്ച ട്രോഫിയില്‍ രണ്ടു കുട്ടികള്‍ ചേര്‍ന്ന് താങ്ങിനിര്‍ത്തിയ വളയത്തിനുള്ളില്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പതിച്ചിട്ടുണ്ട്. ഇത് ഓരോ വര്‍ഷവും മാറ്റാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രോഫി കമ്മറ്റി കണ്‍വീനറായ മഹേഷ് എം ചേപ്പാടാണ് ശില്‍പനിര്‍മ്മാണത്തില്‍ പ്രശസ്തനായ അഭിനന്ദുവിനെ സംഘാടക സമിതിക്കു വേണ്ടി ദൗത്യം ഏല്‍പ്പിച്ചത്.

ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കിയ ട്രോഫിക്ക് മുളക്കുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വരവേല്‍പ് നല്‍കി. ട്രോഫി കമ്മറ്റിക്ക് നേതൃത്വം നല്‍കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ് എസ്. ഐ. ഈ. ടി ഡയറക്ടര്‍ ബി. അബുരാജിന് ട്രോഫി കൈമാറി. കലോത്സവ മാതൃകയിലാണ് ഓവറോള്‍ ജേതാക്കളാവുന്ന ജില്ലക്ക് പ്രത്യേക ട്രോഫി നല്‍കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *