Your Image Description Your Image Description

പാലക്കാട്: കൃഷിയിടങ്ങളിൽ വൈദ്യുതി കെണികള്‍ സ്ഥാപിക്കുന്നതിൽ മുന്നറിയിപ്പുമായി പൊലീസ്. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത വൈദ്യുത കെണികളിൽ കുടുങ്ങി ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. അതിനിടെയാണ് മുന്നറിയിപ്പുമായി പാലക്കാട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെയും പാലക്കാട് വൈദ്യുത കെണിയിൽ കുടുങ്ങി അച്ഛനും മകനും മരിച്ചിരുന്നു. വൈദ്യുതി ഉപയോഗിച്ച് വന്യമൃഗങ്ങല്‍ക്ക് കെണിയൊരുക്കുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചു.

ഇത്തരത്തിൽ കെണിയൊരുക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഇത്തരം സംഭവങ്ങളിൽ ഏതെങ്കിലും വ്യക്തികൾ മരിക്കാൻ ഇടയായാൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കുന്നതാണെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തിൽ വൈദ്യുത കെണി ഒരുക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഇക്കാര്യം പൊലീസിനെയോ, വൈദ്യുത വകുപ്പിനേയോ ഉടൻ അറിയിക്കേണ്ടതാണെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി വാളയാര്‍ അട്ടപ്പള്ളത്താണ് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചത്. മാഹാളികാട് സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് വെള്ളം തുറന്നു വിടാൻ പോയപ്പോൾ പന്നിക്കുവെച്ച കെണിയിൽനിന്നും ഷോക്കേറ്റതാണ് മരണകാരണം. സംഭവത്തിൽ വാളയാ൪ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെയും പാലക്കാട് വൈദ്യുതി കെണിയിൽ കുടുങ്ങി ആളുകള്‍ മരിച്ച സംഭവങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *