Your Image Description Your Image Description

ആലപ്പുഴ : ആലപ്പുഴയുടെ തനിനാടന്‍ മീന്‍രുചി മുതല്‍ ഫ്രൈഡ് റൈസ് വരെ രുചി വൈവിധ്യങ്ങളുടെ നീണ്ടനിരയാണ് സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളക്കെത്തുന്നവരുടെ മനസ്സ് നിറക്കാന്‍ പാചകപ്പുരയില്‍ ഒരുങ്ങുന്നത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇക്കുറിയും രുചിയുടെ കലവറ സജ്ജമായത്. ഇത്തവണ ആദ്യമായാണ് സംസ്ഥാനശാസ്ത്രമേളക്ക് നോണ്‍വെജ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.

ലജ്‌നത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പാചകപ്പുര. വ്യാഴാഴ്ച വൈകിട്ട് മൂന്നര മണിയോടെ പാചകപ്പുര പ്രവര്‍ത്തനം തുടങ്ങും. മേളക്കെത്തുന്ന 15000 ത്തിലധികം പേര്‍ക്കാണ് ഇവിടെ നിന്ന് ഭക്ഷണം തയ്യാറാക്കുന്നത്. ആദ്യ രണ്ട് ദിസവങ്ങളില്‍ 5000 പേര്‍ക്കും ബാക്കി രണ്ട് ദിവസങ്ങളില്‍ 3000 പേര്‍ക്ക് വീതവും ഭക്ഷണം നല്‍കേണ്ടി വരുമെന്നാണ് ഫുഡ് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍.

45 ഓളം പേരാണ് പഴയിടത്തിന്റെ പാചകസംഘത്തിലുള്ളത്. പ്രാതലും രാത്രി ഭക്ഷണവും ലജ്‌നത്തിലെ ഭക്ഷണപ്പന്തലിലാണ് ലഭിക്കുക. എന്നാല്‍ ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ലജനത്തിലെ ഭക്ഷണപ്പന്തിലിനൊപ്പം മറ്റ് മൂന്ന് വേദികളിലെ ഭക്ഷണപ്പന്തലുകളിലും വിതരണം ചെയ്യും.

മേളയുടെ ആദ്യദിനം അമ്പലപ്പുഴ പാല്‍പ്പായസം അടങ്ങിയ സദ്യയാണ് മേളക്കെത്തുന്നവരുടെ മനവും വയറും നിറക്കുക. കൂടാതെ സാമ്പാറ്, മോരുകറി, തോരന്‍, അച്ചാര്‍, കൂട്ടുകറി, മോര് എന്നിവയുമുണ്ട്.

രണ്ടാമത്തെ ദിനം ഊണിനൊപ്പം ആലപ്പുഴയുടെ തനിനാടന്‍ മീന്‍ രുചിയുണ്ട്. കൂടാതെ സാമ്പാറ്, അവിയല്‍, പുളിശ്ശേരി, രസം, തോരന്‍, പപ്പടം, അച്ചാര്‍ എന്നിവയുമുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രിയും ശാസ്ത്രമേള സംഘാടകസമിതി ചെയര്‍മാനുമായ സജി ചെറിയാന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മത്സ്യഫെഡില്‍ നിന്നാണ് ആവശ്യമായ മല്‍സ്യം എത്തിക്കുന്നത്. മൂന്നാം ദിനം ഊണിനൊപ്പം ചിക്കന്‍ കറിയുണ്ട്. അവസാന ദിവസം ഫ്രൈഡ് റൈസും ചിക്കന്‍ കറിയുമാണ് സ്‌പെഷ്യല്‍.

വൈകിട്ടത്തെ ചായക്കൊപ്പം കൊഴുക്കട്ട, വട്ടയപ്പം, കിണ്ണത്തപ്പം, പഴംപൊരി തുടങ്ങിയ നാടന്‍ വിഭവങ്ങളാണ് ലഘു പലഹാരം. പ്രാതലിന് ഇഡലി-സാമ്പാര്‍, ഉപ്പുമാവ്-കടല, പുട്ട്- കടല എന്നിവയാണ് മെനുവിലുള്ളത്. ഇതിനൊപ്പം മുട്ട പുഴുങ്ങിയതോ പഴം പുഴുങ്ങിയതോ കൂടി ലഭിക്കും. രാത്രി ഭക്ഷണത്തില്‍ ചോറിനൊപ്പം ചപ്പാത്തിയുമുണ്ട് മെനുവില്‍. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിലുള്ള ഫുഡ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ പഞ്ചായത്തംഗം ജോണ്‍തോമസാണ്. ബി ബിജുവാണ് കണ്‍വീനര്‍.

Leave a Reply

Your email address will not be published. Required fields are marked *