Your Image Description Your Image Description

ശാസ്ത്രീയ വിഷയങ്ങളെ കൃത്യമായി ക്യൂറേറ്റ് ചെയ്തു കലാപരമായി അവതരിപ്പിക്കുന്നു എന്നതാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ സവിശേഷത. അതിനോടൊപ്പം തന്നെ സവിശേഷമായ കലാവതരണങ്ങളുടെ വേദികൂടിയാണ് സയന്‍സ് ഫെസ്റ്റിവല്‍. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയം ബാനി ഹില്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ്.

കരിങ്കടലിനും കാസ്പിയന്‍ കടലിനുമിടയില്‍ അര്‍മേനിയയും അസര്‍ബൈജാനും ജോര്‍ജ്ജിയയും റഷ്യയുടെ ദക്ഷിണ ഭാഗങ്ങളുമെല്ലാം ഉള്‍പ്പെടുന്ന മേഖലയാണ് കൊക്കേഷ്യ റീജിയന്‍. കൊക്കേഷ്യ റീജിയനില്‍ നിന്നുള്ള തനത് സംഗീതവുമായാണ് ജോര്‍ജ്ജിയന്‍ ബാന്‍ഡായ ബാനി ഹില്‍ കേരളത്തിലെത്തുന്നത്. ഫെബ്രുവരി 13ന് വൈകിട്ടാണ് ബാനി ഹില്ലിന്റെ ബാന്‍ഡ് ഷോ അരങ്ങേറുന്നത്.

ജോര്‍ജ്ജിയയിലെയും കൊക്കേഷ്യന്‍ മേഖലയിലെയും നാടോടി സംഗീതമാണ് ബാനി ഹില്ലിന്റെ ഏഴംഗ സംഘം തനത് ശൈലിയില്‍ തനത് സംഗീതോപകരങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുക. കിഴക്കന്‍ യൂറോപ്പിലും പടിഞ്ഞാറന്‍ ഏഷ്യയിലുമായി പരന്നു കിടക്കുന്ന ജോര്‍ജിയയുടെ, തനത് സംഗീതം ലോകത്തിലെ തന്നെ ഏറ്റവും സവിശേഷവും ആകര്‍ഷകവുമായ സംഗീതശൈലികളില്‍ ഒന്നാണ്.

ബഹുസ്വരതയുടെ സംഗീതമെന്ന നിലയില്‍ 2001ല്‍ യുനസ്‌കോയുടെ അംഗീകാരം ലഭിച്ചിട്ടുള്ള സംഗീത ശൈലിയാണിത്. ജോര്‍ജ്ജിയയുടെ തലസ്ഥാനമായ തിബ്ലിസിലെ തെരുവുകള്‍ മുതല്‍ ലോക പ്രശസ്തമായ സംഗീതവേദികളില്‍ വരെ കലാ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്ന ബാന്‍ഡാണ് ബാനി ഹില്‍സ്.

സ്വന്തമായ ശൈലിയില്‍ പാട്ടും പറച്ചിലുമായി അരങ്ങിലെത്തുന്ന ഊരാളി ബാന്‍ഡും ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവെലിലെ വേദിയിലെത്തുന്നുണ്ട്. ഫെബ്രുവരി 14നാണ് ഊരാളി പാട്ടും പറച്ചിലുമായി തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ എത്തുക. പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ നയിക്കുന്ന പ്രൊജക്ട് മലബാറിക്കസിന്റെ സംഗീത പരിപാടി ഫെബ്രുവരി 10നാണ്.

സംഗീത പരിപാടികള്‍ക്കു പുറമേ പ്രമുഖര്‍ പങ്കെടുക്കുന്ന നൃത്തപരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങിലെത്തുന്നുണ്ട്. കലാ സാംസ്‌കാരിക പരിപാടികള്‍ക്കു പ്രവേശനം സൗജന്യമാണ്. സൗജന്യമായിത്തന്നെ ഓണ്‍ലൈനില്‍ സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *