Your Image Description Your Image Description

കോഴിക്കോട്: പലപ്പോഴും മരണപ്പെട്ട കുടുംബാംഗങ്ങളുടെ പേര് റേഷൻ കാർഡിൽ നിന്ന് നിക്കാതെ അനർഹമായ രീതിയിൽ ആനുകൂല്യം കൈപ്പറ്റുന്നതായാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇത് ഇനി ശിക്ഷാ നടപടികൾക്ക് കാരണമാകും. മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേരുകള്‍ ഉടൻ നീക്കം ചെയ്യണമെന്ന് കോഴിക്കോട് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാര്‍ഡുടമകള്‍ക്ക് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ പേരുകൾ നീക്കിയില്ലെങ്കിൽ നടപടി എന്താകുമെന്ന ചോദ്യം ഉയർന്നത്.

മരിച്ചവരുടെ പേരുകൾ റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യാൻ വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്‍റെ വില പിഴയായി ഈടാക്കുകയാണ് ചെയ്യുക. മരിച്ചവരുടെ പേരുകൾക്ക് പുറമെ കേരളത്തിനു പുറത്തുള്ളവരുടെ വിവരവും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതുണ്ട്. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. കോഴിക്കോട് ജില്ലയില്‍ മഞ്ഞ, പിങ്ക്, കാര്‍ഡുകളിലായി 13,70,046 പേരാണുള്ളത്. ഇതില്‍ 83 ശതമാനം ആളുകളാണ് മസ്റ്ററിങ് ചെയ്തത്.

മസ്റ്ററിങ് പൂർത്തിയാക്കാനുള്ള 17 ശതമാനം വ്യക്തികൾ ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിര്‍ദേശിച്ചത്.

മരിച്ചവരുടെ പേരുകൾ നീക്കം ചെയ്യുന്നത് എങ്ങനെ?

മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യുകയാണ് വേണ്ടത്. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങള്‍ എന്‍ആര്‍കെ പട്ടികയിലേയ്ക്ക് മാറ്റാനാവും. എന്‍ആര്‍കെ പട്ടികയിലേയ്ക്ക് മാറ്റാന്‍ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി.

മസ്റ്ററിങ് നടത്തിയവര്‍ക്കേ ഭാവിയില്‍ ഭക്ഷ്യധാന്യം ലഭിക്കു. ജീവിച്ചിരിക്കുന്നവരുടെ വിഹിതം മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരില്‍ നഷ്ടമാകാതിരിക്കാന്‍ കൂടിയാണ് മരിച്ചവരുടെത് നീക്കാന്‍ നടപടിയെടുക്കുന്നത്. അതിനുശേഷം മസ്റ്ററിംഗില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെ കണ്ടെത്താനാണ് ശ്രമം.

നിലവില്‍ നീല കാര്‍ഡിലെ അംഗങ്ങള്‍ക്ക് മസ്റ്ററിങ്ങിന് നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും ആ വിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിര്‍ബന്ധമായും നീക്കും. പിങ്ക്, നീല കാര്‍ഡുകള്‍ക്ക് ആളെണ്ണം നോക്കി വിഹിതം നല്‍കുന്നതിനാലാണിത്. മഞ്ഞ, വെള്ള കാര്‍ഡുകള്‍ക്ക് ആളെണ്ണം നോക്കിയല്ല ഭക്ഷ്യധാന്യം. അതുകൊണ്ട് തന്നെ ആരെങ്കിലും മരിച്ചാലും റേഷൻ വിഹിതത്തില്‍ മാറ്റമുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *