Your Image Description Your Image Description

കോട്ടയം: സംസ്ഥാനത്തെ ജയിലുകളിൽ സ്ത്രീകൾ അനുഭവിക്കുന്നത് കടുത്ത വിവേചനമെന്ന് റിപ്പോർട്ട്. ജീവപര്യന്തം ത‍ടവിന് ശിക്ഷിക്കപ്പെട്ടവർ 14 വർഷം പിന്നിട്ടിട്ടും ശിക്ഷായിളവിന് പരി​ഗണിക്കപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് 14 വർഷം കഴിയുമ്പോൾ ശിക്ഷയിൽ ഇളവ് നൽകി പുറത്തുവിടാറുണ്ട്. എന്നാൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന ഏഴു സ്ത്രീകൾ 14 വർഷം ശിക്ഷ അനുഭവിച്ചിട്ടും പുറംലോകത്തേക്കെത്താൻ കഴിയാതെ ജയിലിൽ തുടരുകയാണ്.

സംസ്ഥാനം നടുങ്ങിയ രാഷ്ട്രീയ കൊലക്കേസ് പ്രതികൾക്കു പോലും ശിക്ഷാ ഇളവ് ലഭിക്കുന്ന നാട്ടിലാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സ്ത്രീകൾ ശിക്ഷാ ഇളവ് ലഭിക്കാതെ വർഷങ്ങളായി ജയിലിൽ കഴിയുന്നത്. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ദീർഘനാളായി തടവിൽക്കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൊലക്കേസ് പ്രതികളായ ഏഴു സ്ത്രീകളാണ് 14 വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സംസ്ഥാനത്തെ വിവിധ ജയിലുകളിലാണ് ഇവരുള്ളത്. ഇവരിൽ ഒരു സ്ത്രീ 19 വർഷമായി ജയിലിലാണ്. തിരുവനന്തപുരത്ത് വനിതകളുടെ തുറന്ന ജയിൽ, അട്ടക്കുളങ്ങര വനിതാ ജയിൽ, കണ്ണൂർ വനിതാ ജയിൽ എന്നിവിടങ്ങളിലായാണ് ഇവരുള്ളത്. ശിക്ഷായിളവ് ലഭിക്കാൻ ജയിലിൽനിന്നുള്ള റിപ്പോർട്ട് എല്ലാവർക്കും അനുകൂലമാണെങ്കിലും പൊലീസ് റിപ്പോർട്ട് അനുകൂലമല്ലാത്തതാണ് ഇവർക്ക് മോചനത്തിന് തടസ്സമായി നിൽക്കുന്നത്.

ജയിലിൽനിന്നുള്ള റിപ്പോർട്ട്, പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട്, ശിക്ഷിക്കപ്പെട്ടവരുടെ പോലീസ് സ്റ്റേഷനിൽനിന്നുള്ള റിപ്പോർട്ട് എന്നിവയാണ് ശിക്ഷയിളവിനായി പ്രധാനമായും പരിഗണിക്കുന്നത്. പക്ഷേ, പോലീസ് റിപ്പോർട്ടാണ് പ്രശ്‌നം. ജയിലിൽനിന്ന് പുറത്തുവിട്ടാൽ ഭർത്താവിന്റെ വീട്ടുകാരിൽനിന്ന് ജീവന് ഭീഷണിയുണ്ടാകാം എന്നും ഒരു തടവുകാരിയുടെ കാര്യത്തിൽ പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എല്ലാ റിപ്പോർട്ടും അനുകൂലമായിട്ടും ശിക്ഷയിളവ് ലഭിക്കാത്തവരുമുണ്ട്. പലപ്പോഴും കാര്യമായ ഒരന്വേഷണവും ഇല്ലാതെയാണ് പോലീസ് ഇത്തരം റിപ്പോർട്ടുകൾ സമർപ്പിക്കുന്നതെന്ന വിമർശനവുമുണ്ട്.

ഡിറ്റെൻഷൻ സെന്റർ ഇല്ലാത്തതിനാൽ ജാമ്യം ലഭിച്ചിട്ടും വിദേശവനിതകളെ ജയിലിൽനിന്ന് മാറ്റാൻകഴിയാത്ത അവസ്ഥയും സംസ്ഥാനത്തുണ്ട്. നിലവിൽ ഇത്തരത്തിലുള്ള പ്രതികളെ എറണാകുളം കാക്കനാട്ടെ വൺ സ്റ്റോപ്പ് സെന്ററിലും പത്തനാപുരത്തെ ഗാന്ധിഭവൻ ട്രസ്റ്റിലുമാണ് താമസിപ്പിക്കുന്നത്.

ജാമ്യം ലഭിച്ചിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ഒൻപത് വനിതാത്തടവുകാരും സംസ്ഥാനത്തുണ്ട്. ജാമ്യംനിൽക്കാൻ ആളില്ല, ഭൂമിയുടെ കരംകെട്ടിയ രസീതില്ല തുടങ്ങിയ കാരണങ്ങളാലാണിത്. ജാമ്യം ലഭിച്ചിട്ടും പുറത്തുപോകാൻ താത്പര്യമില്ലാത്ത ഒരു വനിതാ തടവുകാരിയും ഇതിലുണ്ട്. ജോലിചെയ്ത വീട്ടിൽനിന്ന് മോഷണം നടത്തിയതാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *