Your Image Description Your Image Description

തിരുവനന്തപുരം: ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. യജമാനന്മാരാണ് പൊതുജനങ്ങൾ അവരോടുള്ള പെരുമാറ്റം മാന്യതയും സഭ്യത നിറഞ്ഞതുമായിരിക്കണം. ഉദ്യോഗസ്ഥര്‍ ജനങ്ങളോട് വളരെ കയർത്ത് സംസാരിക്കുന്നത് അടുത്തിടെ ആര്‍ടിഒ ഓഫീസുകൾ അടക്കം സന്ദര്‍ശിച്ചപ്പോൾ കണ്ടു. വളരെ മോശമായിട്ടാണ് ജനങ്ങളോട് ഉദ്യോഗസ്ഥർ പെരുമാറുന്നത്.

ഇങ്ങനെയുള്ള ഭാഷ പൊതു ജനങ്ങളോട് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. വളരെ മര്യാദയോടെയും മാന്യതയോടെയും മാത്രമേ ജനങ്ങളോട് പെരുമാറാൻ പാടുള്ളൂ. കുടുംബശ്രീ നടത്തുന്ന ഒരു സേവാകേന്ദ്രത്തില്‍ പോയപ്പോൾ അവിടെ ഒരു ചെറുപ്പക്കാരനോട് മോശമായി പെരുമാറുന്നത് കണ്ടു. നടപടിക്ക് ഒരുങ്ങിയെങ്കിലും ആദ്യമായിട്ടുള്ള ഒരു തെറ്റെന്ന് കണ്ടാണ് അത് വിട്ടത്. ഇനി നടപടി ഇല്ലാതെയിരിക്കില്ല. പാലക്കാട് ഒരു ആര്‍ടിഒ ഓഫീസില്‍ പോയപ്പോൾ ലൈസൻസ് കിട്ടാൻ താമസിച്ചതിന്‍റെ സങ്കടം പറയുന്ന ഒരാളോട് മന്ത്രി നില്‍ക്കുമ്പോള്‍ തന്നെ മോശമായി പെരുമാറുന്നതാണ് കണ്ടത്.

ആളുകളെ അകാരണമായി നടത്താൻ പാടില്ല. ഒരു ഫയലും തീര്‍പ്പാക്കാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ വച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ കൃത്യമായ ഉത്തരവുള്ളതാണെന്നും മന്ത്രി പറഞ്ഞു. വിജിലൻസിന്‍റെയും സ്ക്വാഡിന്‍റെയും പരിശോധന ഇനി ഇക്കാര്യത്തിലുമുണ്ടാകും. പൊതുജനം ചോദിക്കുന്ന കാര്യങ്ങൾക്ക് മാന്യമായി തന്നെ മറുപടി നല്‍കിയിരിക്കണം. പല ഉത്തരവുകളും ഗതാഗത കമ്മീഷണര്‍ നല്‍കുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ചാല്‍ നടപടിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *