Your Image Description Your Image Description

സത്ന: മധ്യപ്രദേശിലെ സത്ന ജില്ലയിൽ മച്ച്ഖേദ ഗ്രാമത്തിൽ 40 കാരനെ 8 സുഹൃത്തുക്കൾ ചേർന്ന് വെടിവച്ച് കൊന്നു. വനിത സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്രാ ദൃശ്യങ്ങൾ ചിത്രീകരിച്ച് സുഹൃത്തുക്കളിൽ രണ്ട് പേരെ ബ്ലാക്ക് മെയിൽ ചെയ്തതിന് പിന്നാലെയാണ് എട്ട് സുഹൃത്തുക്കൾ ചേർന്ന് 40കാരനായ അരുൺ ത്രിപാഠിയെ വെടിവച്ച് കൊന്നത്.

സഭാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മച്ച്ഖേദ ഗ്രാമത്തിലാണ് സംഭവം. മച്ച്ഖേദ സ്വദേശിയായ അരുൺ ത്രിപാഠിയുടെ മൃതദേഹം ഒക്ടോബർ മൂന്നിനാണ് റോഡരികിൽ കണ്ടെത്തിയത്. നെഞ്ചിലും തലയിലും പരിക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൂർത്ത അഗ്രമുള്ള ആയുധം കൊണ്ടുള്ള മുറിവെന്ന ധാരണയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മുറിവുകൾ വെടിയേറ്റതെന്നാണ് വ്യക്തമാവുന്നത്. കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബൈക്കുകളിലെത്തിയ യുവാക്കളുടെ സംഘത്തെ സംഭവ സ്ഥലത്തിന് പരിസരത്തായുള്ള സിസിടിവികളിൽ കാണുന്നത്. സിസിടിവികളിൽ നിന്ന് യുവാക്കളിൽ ചിലരുടെ മുഖം വ്യക്തമായതോടെ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.

ഇതിന് പിന്നാലെയാണ് യുവാക്കൾ രേവ സ്വദേശികളാണെന്ന് കണ്ടെത്തിയത്. പിന്നാലെ രേവ പൊലീസിന്റെ കൂടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എട്ട് പേരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന് പ്രേരകമായ കാരണം വ്യക്തമായത്. ഒക്ടോബർ 2ന് യുവാക്കളിൽ രണ്ട് പേർ ഇവരുടെ വനിതാ സുഹൃത്തുക്കളുമായി മച്ച്ഖേദയിലെ കുന്നുകളിൽ പിക്നികിന് പോയിരുന്നു. ഈ സമയത്ത് ഇവിടെ എത്തിയ അരുൺ ത്രിപാഠി ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പതിനായിരം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കയ്യിലുണ്ടായിരുന്ന 2000 രൂപ ഇയാൾക്ക് നൽകി യുവാക്കളും വനിതാ സുഹൃത്തുക്കളും മടങ്ങി. തിരികെ സ്വന്തം ഗ്രാമത്തിലെത്തിയ യുവാക്കൾ ഭീഷണിപ്പെടുത്തിയ ആളെ അപായപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഒക്ടോബർ 3ന് മൂന്ന് സംഘങ്ങളായി എട്ട് സുഹൃത്തുക്കൾ മച്ച്ഖേദയിലേക്ക് തിരികെ എത്തുകയായിരുന്നു. അരുണിനെ കണ്ടെത്തി വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ 40കാരൻ കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ഇവർ തമ്മിൽ വാക്കേറ്റമായി. വാക്കേറ്റത്തിനിടെ 40 കാരനെ യുവാക്കൾ കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളുടെ ഫോണും ആക്രമിക്കാൻ ഉപയോഗിച്ച ആയുധവുമായി ഇവർ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *