Your Image Description Your Image Description

കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന മഞ്ഞി​ന്റെ കടൽ..പച്ചപ്പുകളൊന്നുമില്ലാത്ത തൂവെള്ള പ്രദേശം. ഇതായിരിക്കും അന്‍റാർട്ടിക്ക എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത്. എന്നാൽ അവസ്ഥകളൊക്കെ മാറി. കാലാവസ്ഥാ വ്യതിയാനം മൂലം മ‍ഞ്ഞുരുകുന്നതി​ന്റെ ഫലമായി പല ഭാഗങ്ങളും ഇന്ന് പച്ചപ്പു നിറഞ്ഞതായി മാറിയിരിക്കുന്നു.

അൻറാർട്ടിക്കയിലെ സസ്യജാലങ്ങളുടെ അളവ് വിശകലനം ചെയ്തു നടത്തിയ പഠനത്തിൽ മുൻ കാലങ്ങളിലേക്കാൾ വലിയതോതിൽ സസ്യജാലങ്ങളുടെ എണ്ണം വർദ്ധിച്ചതായാണ് ഗവേഷകർ കണ്ടെത്തിയത്. എക്സെറ്റർ, ഹെർട്ട്ഫോർഡ്ഷയർ സർവകലാശാലകളിലെ ഗവേഷകരാണ് സാറ്റലൈറ്റ് ഇമേജറിയും ഭൂഖണ്ഡത്തില്‍ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചുള്ള പഠനത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ അന്‍റാർട്ടിക്കയിലെ പച്ചപ്പ് പത്തു മടങ്ങ് വർധിച്ചതായാണ് പഠനത്തിൽ പറയുന്നത്. പായൽ വിഭാഗത്തിൽപ്പെട്ട സസ്യങ്ങളാണ് ഇപ്പോള്‍ ഇവിടെ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.

1986-ൽ 0.4 ചതുരശ്ര മൈൽ മാത്രമുണ്ടായിരുന്ന സസ്യജാലങ്ങൾ 2021-ൽ ഏതാണ്ട് 5 ചതുരശ്ര മൈലിലെത്തിയതായി പഠനം കണ്ടെത്തി. 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിൽ സസ്യജാലങ്ങളുടെ വളർച്ചാ നിരക്കിൽ 30 % -ത്തിലധികം വർദ്ധനവ് ഉണ്ടായതായാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുള്ള കാരണമായി പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അന്‍റാർട്ടിക്കൻ ഭൂപ്രകൃതിയിൽ വന്ന ഈ മാറ്റങ്ങൾ ബഹിരാകാശത്ത് നിന്നും ദൃശ്യമാണന്നും ഗവേഷകർ പറയുന്നു.

ഭൂപ്രകൃതി ഏതാണ്ട് പൂർണ്ണമായും മഞ്ഞുവീഴ്ചയുള്ളതാണെങ്കിലും, സസ്യജാലങ്ങൾ വേരുറപ്പിച്ച ഭൂപ്രദേശത്തിന്‍റെ വ്യാപ്തി ഇപ്പോൾ അന്‍റാർട്ടിക്കയിൽ കൂടി വരികയാണ്. കാലാവസ്ഥ ചൂടുപിടിക്കുകയും ഈ സസ്യ ആവാസവ്യവസ്ഥകൾ വർദ്ധിക്കുകയും ചെയ്യുമ്പോൾ, പച്ചപ്പ് ഇനിയും വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

അന്‍റാർട്ടിക്കയിലെ മണ്ണ്, സസ്യങ്ങൾക്ക് വളരാൻ അനുയോജ്യമായതായിരുന്നില്ലെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന സസ്യജാലങ്ങളിലെ ഈ വർദ്ധനവ് മണ്ണ് കൂടുതൽ വളക്കൂറുള്ളതായിതീരാൻ ഇടയാക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്. അന്‍റാർട്ടിക്കയിലെ ഈ പച്ചപ്പിനെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടത് ആവശ്യമാണെന്നും നിലവിലെ പഠനം അന്‍റാർട്ടിക്കയുടെ ഭാവിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *