Your Image Description Your Image Description

ബാഗേശ്വാർ: സാധാരണയായി താഴ്ന്ന വനപ്രദേശങ്ങളിലും ചൂടുള്ള സമതലങ്ങളിലും കാണപ്പെടുന്ന മയിലിനെ കുമയോൺ ഹിമാലയത്തിലെ ബാഗേശ്വരിലെ പർവതപ്രദേശങ്ങളിൽ കണ്ടെത്തിയത് വന്യജീവി വിദഗ്ധർക്കിടയിൽ വലിയ ചർച്ചയായി. മയിലുകളുടെ ആവാസ വ്യവസ്ഥ സാധാരണയായി 1,600 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലാണ്. മയിൽ എങ്ങനെ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6500 അടി ഉയരത്തിൽ എത്തിയെന്നതാണ് വിദ​ഗ്ധരെ അത്ഭുതപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം വന്യജീവികളിൽ ചെലുത്തുന്ന സ്വാധീനത്തെ സൂചിപ്പിക്കുന്നതായും നി​ഗമനമുണ്ട്.

രണ്ട് മാസം മുമ്പ് 5200 അടിയിലേറെ ഉയരമുള്ള കഫ്ലിഗെയറിൽ പക്ഷിയുടെ സാന്നിധ്യം പ്രദേശവാസികൾ ആദ്യം ശ്രദ്ധിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് പ്രദേശം നിരീക്ഷിക്കുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്നാണ് 6500 അടി ഉയരമുള്ള പ്രദേശത്ത് മയിലിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

മൃഗങ്ങളുടെ കുടിയേറ്റത്തെയും ആവാസ വ്യവസ്ഥയെയും ബാധിക്കുന്ന പാരിസ്ഥിതിക മാറ്റങ്ങളുടെ സൂചകമാകാൻ മയിലിന്റെ കുടിയേറ്റത്തിന് സാധ്യതയുണ്ടെന്ന് ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ബി എസ് അധികാരി പറഞ്ഞു. ഇത് അസ്വാഭാവിക സംഭവമാണ്. മയിലുകൾ സമതലങ്ങളിലും വനപ്രദേശങ്ങളിലും വസിക്കുന്നവയാണ്. പർവതപ്രദേശങ്ങളിലെ അവയുടെ സാന്നിധ്യം കാലാവസ്ഥ, പാരിസ്ഥിതിക മാറ്റങ്ങളോ സൂചിപ്പിക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവമാണോ അതോ പാരിസ്ഥിതിക മാറ്റത്തിൻ്റെ ഭാഗമാണോ എന്ന് വിദഗ്ധർ അന്വേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *