Your Image Description Your Image Description

ആലപ്പുഴ: ജില്ലയിലെ പതിനൊന്ന് ഉപജില്ലകളിലെ പത്തൊമ്പത് കേന്ദ്രങ്ങളിലായി  ഡിസമ്പർ  27മുതൽ നടന്നു വന്ന   ലിറ്റിൽ കൈറ്റ്‌സ്  ഉപജില്ലാ ക്യാമ്പുകൾ സമാപിച്ചു. സെപ്റ്റംബറിൽ നടന്ന സ്‌കൂൾ തല ക്യാമ്പുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കുട്ടികളാണ് ക്യാമ്പുകളിൽ പങ്കെടുത്തത്. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ആറ് ബാച്ചുകളായാണ് ക്യാമ്പുകളിൽ പരിശീലനം നടന്നത്.

ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡിയെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അനിമേഷൻ സോഫ്റ്റ്വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ ടൈറ്റിൽ തയാറാക്കൽ എന്നിവ പരിശീലിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ പിക്‌റ്റോബ്ലാക്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം, നിർമ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം തുടങ്ങിയവ തയ്യാറാക്കി. പൂർണമായും സ്വതന്ത്ര സോഫ്റ്റവെയർ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിൽ മൊഡ്യൂൾ പരിശീലിപ്പിച്ചത്.  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കൈറ്റ് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ്  പ്രോഗ്രാമിംഗ് വിഭാഗത്തിലെ  പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്.
ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിച്ച് വരുന്ന 152 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലെ 1112 അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. മികച്ച പ്രകടനം കാഴ്ചവെച്ച 80 കുട്ടികളെ ജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തു. കൈറ്റ് മാസ്റ്റർമാരും സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് ചുമതലയുള്ള അധ്യാപകരുമാണ് ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *