Your Image Description Your Image Description

കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള പ്രമുഖ ഇന്ത്യന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ല്യുഐഎംഎല്‍), ബീഹാ ഗ്രൂപ്പുമായി (ബിജി) ധാരണാപത്രം ഒപ്പുവച്ചു. യുഎഇയിലെ ഷാര്‍ജ സര്‍ക്കാരിന്റെ സഹ ഉടമസ്ഥതയിലുള്ള ബീഹാ ഗ്രൂപ്പ് സുസ്ഥിര മാലിന്യ സംസ്‌കരണത്തില്‍ ആഗോളതലത്തില്‍ പ്രശസ്തരാണ്. ജിസിസി, ആഫ്രിക്കന്‍ രാജ്യങ്ങളിലുടനീളം വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക പുരോഗതിക്ക് സംഭാവന നല്‍കാനുമാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്.

ദുബായില്‍ നടന്ന ചടങ്ങില്‍ ബീഹാ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഖാലിദ് അല്‍ ഹുറൈമലും, വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ സഞ്ജയ് ഗുപ്‌തെയും ചേര്‍ന്ന് ധാരണാപത്രം ഒപ്പുവച്ചു. ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി, യുഎഇയില്‍ ചെറുതും വലുതുമായ ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനായി ഡബ്ല്യുഐഎംഎലും ബീഹാ ഗ്രൂപ്പും സാങ്കേതികവും വാണിജ്യപരവുമായ സാധ്യതാ പഠനങ്ങള്‍ നടത്തും. പുനരുപയോഗിക്കാവുന്ന ഊര്‍ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സാങ്കേതികവിദ്യയും മറ്റ് സഹായങ്ങളും ഡബ്ല്യുഐഎംഎലിന് ബീഹാ ഗ്രൂപ്പ് ധാരണാപത്രത്തിന്റെ ഭാഗമായി കൈമാറും. ജിസിസി, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ബീഹാ ഗ്രൂപ്പിന്റെ ശൃംഖല ആ പ്രദേശങ്ങളിലെ വാര്‍ഡ്‌വിസാര്‍ഡിന്റെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തുകയും ചെയ്യും.

ഇന്ത്യയിലെ ഒരു ഉത്തരവാദിത്തമുള്ള കോര്‍പ്പറേഷന്‍ എന്ന നിലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ഒരു പ്രധാന പ്രൊമോട്ടര്‍ എന്ന നിലയിലും ഇലക്ട്രിക് വാഹനങ്ങള്‍ ലോകമെമ്പാടും വിപുലീകരിക്കുകയും, എല്ലാവര്‍ക്കും പ്രാപ്യമാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ സഞ്ജയ് ഗുപ്‌തെ പറഞ്ഞു. മെച്ചപ്പെട്ട പാരിസ്ഥിതിക സമ്പ്രദായങ്ങളും സുസ്ഥിരമായ മാലിന്യ സംസ്‌കരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഈ പങ്കാളിത്തം ഞങ്ങളെ സഹായിക്കും. ബീഹാ ഗ്രൂപ്പുമായുള്ള ഞങ്ങളുടെ വിജയകരമായ യാത്രയില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത വാഹനങ്ങളുടെ പ്രമോട്ടര്‍മാരില്‍ ഒന്നായ വാര്‍ഡ്‌വിസാര്‍ഡുമായി ഞങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബീഹാ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഖാലിദ് അല്‍ ഹുറൈമല്‍ പറഞ്ഞു. അവരുടെ നിര്‍മ്മാണ ശേഷി, ഞങ്ങളുടെ സാങ്കേതികവിദ്യയുമായി ചേര്‍ന്ന് പുതിയ നാഴികക്കല്ലുകള്‍ നേടുന്നതിനും നൂതന ഉല്‍പ്പന്നങ്ങള്‍ ലോകത്തിലേക്ക് കൊണ്ടുവരുന്നതിനും തീര്‍ച്ചയായും ഞങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *