Your Image Description Your Image Description
Your Image Alt Text

കരുവാരക്കുണ്ട് : മലയോരത്ത് പ്രകൃതിയൊരുക്കിയ കാഴ്ചകൾ ഒട്ടേറെയുണ്ട്. മുതൽമുടക്കില്ലാതെ കാണാനും ആസ്വദിക്കാനും കഴിയാവുന്നവ. സാഹസികതയുടെ പാദമുദ്ര പതിപ്പിക്കാനും സാധ്യതയേറെയുണ്ട്. അതിന്റെയെല്ലാം ആവേശം ഉയർത്തുന്ന ത്രില്ലിൽ ഇവിടെയെത്തുമ്പോൾ ആദ്യമോർക്കണം സുരക്ഷയെക്കുറിച്ച്.

വെള്ളിക്കൊലുസണിഞ്ഞെന്നപോൽ തുള്ളിക്കളിക്കുന്നുണ്ടാകും കാട്ടാറുകൾ. കാഴ്ചയിൽ ശാന്തമെന്നു തോന്നാം. അവിടെയും പതിയിരിക്കുന്നുണ്ടാകാം അപകടം. മലയോരത്ത് നിലമ്പൂർ ആഢ്യൻപാറയും കരുവാരക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടവും കരുളായിയിലെ നെടുങ്കയവും മാത്രമാണ് അംഗീകൃത വിനോദസഞ്ചാര കേന്ദ്രങ്ങളായുള്ളത്. ഇവിടെപ്പോലും പലരുടേയും ജീവൻ പൊലിഞ്ഞിട്ടുണ്ടെന്നത് ഓർമവേണം.കരുവാരക്കുണ്ടിൽതന്നെ അംഗീകൃതമല്ലാത്ത പ്രദേശങ്ങളിൽ കാഴ്ചതേടി എത്തുന്നവർ ഏറെ. പശ്ചിമഘട്ട മലനിരയിൽ തലയുയർത്തിനിൽക്കുന്ന കൂമ്പൻമലയിലേക്ക് പ്രവേശനമില്ലെങ്കിലും അനുമതിയില്ലാതെ കടക്കുന്നവരുണ്ട്. താഴ്‌വാരത്തുള്ള സ്വകാര്യ തോട്ടങ്ങളിലൂടെയാണ് ആളുകൾ മലയിലേക്കു പ്രവേശിക്കുന്നത്. പ്രത്യേക വഴിയില്ലാത്ത മലയിൽ എത്തുന്നവർക്ക് വഴിതെറ്റും എന്നതുതന്നെയാണ് വലിയ പ്രശ്നം.

ഒരുവർഷം മുൻപ് രണ്ടു യുവാക്കൾ വഴിതെറ്റി മലയിൽ കുടുങ്ങിയിരുന്നു. മണിക്കൂറുകൾക്കുശേഷം രാത്രിയാണ് നാട്ടുകാരും അഗ്നിരക്ഷാസേനയും ഉൾപ്പെടെയുള്ളവർ ഇടപെട്ട് കണ്ടെത്തി ഇവരെ പുറത്തെത്തിച്ചത്.

കരുവാരക്കുണ്ടിലെതന്നെ മറ്റൊരു കേന്ദ്രമാണ് വട്ടമല. ഉയർന്ന പ്രദേശത്തുനിന്ന് താഴേക്കുള്ള പ്രഭാത, സായാഹ്ന കാഴ്ച ആസ്വദിക്കാൻ ആളേറെയെത്താറുണ്ട്. വ്യാഴാഴ്ച വട്ടമലയിൽ ഉയരംകൂടിയ ഭാഗത്തുനിന്ന് ഫോട്ടോ എടുക്കുന്നതിനിടെ തലചുറ്റി നൂറടിയിലേറെ താഴ്ചയിലേക്കുവീണ് വിദ്യാർഥിക്ക്‌ പരിക്കുപറ്റിയിരുന്നു. പതിവായി ആനയിറങ്ങുന്ന പ്രദേശംകൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *