Your Image Description Your Image Description

മുംബൈ: മഹാരാഷ്ട്രയിൽ ജൽന ജില്ലയിലെ സമൃദ്ധി ഹൈവേയിൽ (മുംബൈ – നാഗ്പൂർ എക്സ്പ്രസ് ഹൈവേ) കാറപകടത്തിൽ ഏഴു പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെ നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ ഇന്ധനം നിറച്ച ശേഷം തെറ്റായ വശത്തുനിന്ന് ഹൈവേയിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇന്ധനം നിറച്ച ശേഷം തെറ്റായ വശത്തുനിന്ന് ഹൈവേയിലേക്ക് പ്രവേശിച്ച കാർ, വേഗത്തിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുകളിലുണ്ടായിരുന്നവർ തെറിച്ചുവീണാണ് മരണം സംഭവിച്ചത്. ആറ് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ജൽനയിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

പ്രദേശവാസികൾ വിളിച്ചറിയിച്ചതോടെയാണ് താൻ സംഭവ സ്ഥലത്തെത്തിയതെന്ന് പട്രോളിംഗിലുണ്ടായിരുന്ന രാംദാസ് നികം പറഞ്ഞു. എർട്ടിഗ കാറും സ്വിഫ്റ്റ് ഡിസയർ കാറുമാണ് കൂട്ടിമുട്ടിയത്. സ്വിഫ്റ്റിൽ മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. സന്ദീപ് ബുധ്വാൻ, പ്രദീപ് മിസാൽ എന്നിവർ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിൽ വെച്ചും മരിച്ചു. എർട്ടിഗയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഷക്കീൽ മൻസൂരി, ഫയാസ് മൻസൂരി, അൽതമേസ് മൻസൂരി, ഫൈസൽ ഷക്കീൽ മൻസൂരി എന്നീ മലാഡ് സ്വദേശികളാണ് മരിച്ചത്. ഷക്കീൽ മൻസൂരി, അൽത്താഫ് മൻസൂരി, രാജേഷ് കുമാർ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *