Your Image Description Your Image Description
Your Image Alt Text

മാന്നാർ : ചെന്നിത്തല മൂന്നാം ബ്ലോക്ക് പാടശേഖരത്തിൽ വിതച്ച നെൽവിത്തുകൾ കിളിർക്കുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ കർഷകർ ആശങ്കയിൽ. കൃഷിയിറക്കുന്നതിലുണ്ടായ കാലതാമസത്തിൽ ആശങ്കപ്പെട്ടിരുന്ന നെൽക്കർഷകരെയാണു കിളിർക്കാത്ത നെൽവിത്തുകൾ പ്രതിസന്ധിയിലാക്കിയത്. മൂന്നാം ബ്ലോക്കിലെ ഇരുന്നൂറ്റിയമ്പതോളം ഏക്കറിലെ നെൽക്കർഷകരാണു വിത്തുവിതയ്ക്കാനാവാതെ വിഷമിക്കുന്നത്.

സർക്കാർ സബ്‌സിഡിനിരക്കിൽ നൽകിയ ഉമ വിത്തുകൾ ചാക്കിൽക്കെട്ടി പതിന്നാലു മണിക്കൂറോളം വെള്ളത്തിൽ നെടുനീർ കൊടുത്തിട്ടശേഷമാണു കിളിർക്കുന്നില്ല എന്ന് കണ്ടെത്തിയത്. വെള്ളം പമ്പിങ് നടത്തിയും നിലം ഉഴുതും ഒരുക്കങ്ങൾ നടത്തിയശേഷം തൊഴിലാളികളെ വരുത്തിയെങ്കിലും നെൽവിത്തുകൾ പകുതിപോലും കിളിർക്കാത്ത അവസ്ഥയിലായതിനാൽ തൊഴിലാളികൾ മടങ്ങിപ്പോയി. ചില കർഷകർ വേറെ വഴിയില്ലാത്തതിനാൽ വിതയ്ക്കാൻ തയ്യാറായെങ്കിലും കൃഷി നഷ്ടത്തിലാകുമെന്ന ചിന്തയിലാണിവർ.കുറഞ്ഞനിരക്കിൽ സർക്കാർ നൽകിയ നെൽവിത്തുകൾ പാഴായതോടെ പുറത്തുനിന്നു കിലോയ്ക്ക് 45 രൂപ നിരക്കിൽ നെൽവിത്ത് വാങ്ങി വീണ്ടും നെടുനീർ കൊടുത്ത് പാകാനുള്ള തയ്യാറെടുപ്പിലാണു കർഷകർ. അതിനു ദിവസങ്ങൾ വേണ്ടിവരുമെന്നതിനാൽ ഏറെ സാമ്പത്തിക നഷ്ടവും അതിലുപരി സമയനഷ്ടവുമാണ് ഉണ്ടാക്കുന്നത്.

കടം വാങ്ങിയും പലിശയ്‌ക്കെടുത്തും കൃഷിക്കിറങ്ങിയ കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ തങ്ങൾക്കുണ്ടായിട്ടുള്ള കഷ്ടനഷ്ടങ്ങൾക്കു പരിഹാരം വേണമെന്നാണു കർഷകരുടെ ആവശ്യം.

സർക്കാർ നൽകിയ നെൽവിത്തുകൾ വിതയ്ക്കാൻ കഴിയാത്തതിനാൽ താറാവു കർഷകർക്കു നൽകാനുള്ള ഒരുക്കത്തിലാണു കർഷകർ.

Leave a Reply

Your email address will not be published. Required fields are marked *