Your Image Description Your Image Description
Your Image Alt Text

പുനലൂർ :റെയിൽവേയുടെ പുനലൂർ 110 കെ.വി.ട്രാക്‌ഷൻ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള അന്തിമ അടങ്കലിന് കെ.എസ്.ഇ.ബി. സാങ്കേതികാനുമതി നൽകി. രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കെ.എസ്.ഇ.ബി.യുടെ പച്ചക്കൊടി. ഒരാഴ്ചയ്ക്കുള്ളിൽ ടെൻഡർ ക്ഷണിക്കാം. സമയബന്ധിതമായി പ്രവൃത്തി പൂർത്തിയായാൽ കൊല്ലം-ചെന്നൈ എഗ്‌മോർ പാതയിൽ വൈദ്യുതത്തീവണ്ടി ഓടിക്കുന്നതിനുള്ള നടപടികൾക്കു വേഗമേറും.

സബ്‌സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവൃത്തി നടപ്പാക്കുന്നതിനു സമർപ്പിച്ച അന്തിമ അടങ്കലി(വർക്കിങ് എസ്റ്റിമേറ്റ്)നാണ് സാങ്കേതികാനുമതി നൽകിയിട്ടുള്ളത്. അടങ്കലിന്റെ അടിസ്ഥാനത്തിൽ റെയിൽവേ 28.75 കോടി രൂപ കെ.എസ്.ഇ.ബി.ക്ക് ഒടുക്കിയിരുന്നു. 2.7 കിലോമീറ്റർ ദൂരത്തിൽ കെ.എസ്.ഇ.ബി.യുടെ പുനലൂർ സബ്‌സ്റ്റേഷനിൽനിന്നു ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ്‌ റെയിൽവേ സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കേണ്ടത്‌.നിലവിൽ കൊല്ലംമുതൽ പുനലൂർവരെ 45 കിലോമീറ്റർ ദൂരത്തിൽ മാത്രമേ വൈദ്യുതത്തീവണ്ടി ഓടിക്കുന്നുള്ളൂ. സബ്സ്റ്റേഷൻ നിർമാണം ആരംഭിച്ച 2021 നവംബർമുതൽ റെയിൽവേ കെ.എസ്.ഇ.ബി.യുടെ അനുമതി കാത്തിരിക്കുകയാണ്. ഒടുവിൽ വൈദ്യുതിമന്ത്രി ഇടപെട്ടാണ് അനുമതി ലഭ്യമാക്കുന്നതിന് നടപടിയുണ്ടാക്കിയത്.

സബ്സ്റ്റേഷൻ നിർമാണം ഇക്കൊല്ലം ആദ്യംതന്നെ റെയിൽവേ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് 25 കെ.വി. വൈദ്യുതി കടത്തിവിട്ട് ട്രാൻസ്‌ഫോർമറുകൾ കമ്മിഷൻ ചെയ്തു. റെയിൽവേയുടെ പെരിനാട് സബ്സ്റ്റേഷനിൽനിന്നാണ് വൈദ്യുതി ലഭ്യമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *