Your Image Description Your Image Description

മലപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ മോഷ്ടാക്കളുടെ താവളമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രണ്ട് പേരുടെ മൊബൈൽ ഫോണാണ് സ്റ്റേഷനിൽ നിന്ന് നഷ്ടപ്പെട്ടത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റേഷനില്‍ എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച രണ്ട് പേരുടെ മൊബൈൽ ഫോണുകളാണ് നഷ്ടമായത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

വളാഞ്ചേരിയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയുടെ മൊബൈൽ ഫോണും മറ്റൊരു യാത്രക്കാരന്റെ ചാർജിൽ ഇട്ട മൊബൈൽ ഫോണും ആണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഇരുവരും കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതി പൊലീസ് റെയിൽവേയ്ക്ക് കൈമാറുകയും ചെയ്തു. രാത്രിയിലും പകൽ സമയത്തുമായി യാത്രക്കാരുടെ വില പിടിപ്പുള്ള നിരവധി സാധനങ്ങൾ ആണ് ഇവിടെ നിന്ന് കാണാതാകുന്നത്.

വിദ്യാർഥികളുടെ ലാപ്ടോപ്, ഐഫോൺ ഉൾപ്പടെയുള്ള സാധനങ്ങളും കാണാതായവയില്‍ ഉള്‍പ്പെടുന്നു. മോഷണവും പിടിച്ചുപറിയും വർധിച്ചിട്ടും പൊലീസ്, റെയിൽവേ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരിൽ നിന്നും ശക്തമായ ഇടപെടൽ ഉണ്ടാകാത്തത് ട്രെയിൻ യാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയും കൈമാറ്റവും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടക്കുന്നതായിട്ടും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *