Your Image Description Your Image Description

പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കാനായി തൻ്റെ മരിച്ചുപോയ പിതാവിൻ്റെ മൃതദേഹം വർഷങ്ങളോളം വീട്ടിൽ ഒളിപ്പിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത് പൊലീസ്. സംഭവം നടന്നത് തായ്‍വാനിലാണ്. ദ്വീപിൻ്റെ തെക്കൻ നഗരമായ കയോസിയുങ്ങിൽ നിന്നുള്ള സ്ത്രീയാണ് അറസ്റ്റിലായത്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല.

50 വർഷത്തിലേറെയായി പിതാവിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. അവളുടെ അമ്മ നേരത്തെ തന്നെ മരിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള രാസവസ്തുക്കൾ തളിക്കാനെത്തിയവരെ സ്ത്രീ വീടിനുള്ളിൽ കയറാൻ അനുവദിച്ചിരുന്നില്ല. പിന്നാലെ, 60,000 ഡോളർ (US$1,800) ഇവർക്കുമേൽ പിഴ ചുമത്തിയിരുന്നു. ഈ ഘട്ടത്തിലാണ് വീടിനുള്ളിൽ അസ്വാഭാവികമായ എന്തോ ഉള്ളതായി പൊലീസിന് സംശയം തോന്നിയത്.

പിന്നാലെ, അധികൃതർ വീട്ടിലെത്തുകയും അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ തിരക്കുകയും ചെയ്തു. ആദ്യം സ്ത്രീ പറഞ്ഞത് അച്ഛൻ നഴ്സിം​ഗ് ഹോമിലാണ് എന്നാണ്. എന്നാൽ, വീണ്ടും പൊലീസ് ചോദ്യം ചെയ്തപ്പോൾ തന്റെ സഹോദരനൊപ്പം ചൈനയിലേക്ക് പോയി എന്നാണ് സ്ത്രീ പറഞ്ഞത്. ഇതോടെ പൊലീസ് ഇവരുടെ സഹോദരനെ അന്വേഷിച്ചു. അപ്പോഴാണ് അയാൾ 50 വർഷത്തിലേറെയായി മരിച്ചിട്ടെന്ന് കണ്ടെത്തിയത്. മാത്രമല്ല, യുവതിയുടെ പിതാവ് തായ്‍വാൻ വിട്ടുപോയതിന് യാതൊരു തെളിവും ഉണ്ടായിരുന്നില്ല.

പിന്നീട്, അച്ഛൻ ചൈനയിൽ വച്ച് മരിച്ചു എന്നാണ് സ്ത്രീ പറഞ്ഞത്. മരണസർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ അതിന് അപേക്ഷിച്ചിട്ടേ ഉള്ളൂ എന്നും പറഞ്ഞു. ഇങ്ങനെ മാറ്റിമാറ്റിപ്പറഞ്ഞതോടെ പൊലീസ് വീട് മൊത്തം പരിശോധിച്ചു. അപ്പോഴാണ് ഒരു ​കറുത്ത ​ഗാർബേജ് ബാ​ഗിൽ പ്രായമായ ഒരു മനുഷ്യന്റെ അസ്ഥികൂടങ്ങൾ കണ്ടത്. പിന്നീട് ഫോറൻസിക് പരിശോധന നടന്നു.
വർഷങ്ങൾക്ക് മുമ്പ് തന്നെ സ്ത്രീയുടെ അച്ഛൻ മരിച്ചതായി ഇതിൽ നിന്നും കണ്ടെത്തി. മിലിറ്ററിയിൽ നിന്നു പിരിഞ്ഞയാളാണ് സ്ത്രീയുടെ പിതാവ്. അതിന്റെ പേരിൽ അയാൾക്ക് പെൻഷൻ കിട്ടുന്നുണ്ടായിരുന്നു. അത് മുടങ്ങാതിരിക്കാനാണത്രെ മൃതദേഹം ഒളിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *