Your Image Description Your Image Description

സാൻസ്ഫ്രാൻസിസ്കോ: അമേരിക്കൻ ജനപ്രതിനിധി സഭ മുൻ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ആക്രമിച്ച കേസിലെ പ്രതിക്ക് 30 വർഷം തടവുശിക്ഷ. ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തിൽ പോൾ പെലോസിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. അക്രമിക്ക് കഴിവതും നീണ്ട ശിക്ഷ നൽകണമെന്ന് നാൻസി പലോസി ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ചയാണ് 44കാരനായ ഡേവിഡ് ഡേ പെപ്പ് എന്നയാൾക്കാണ് ജഡ്ജ് ജാക്വിലിൻ സ്കോട്ട് കോർലി ശിക്ഷ വിധിച്ചത്. കഴിഞ്ഞ നവംബറിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 40 വർഷത്തെ തടവ് ശിക്ഷ 44കാരന് നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 2022 ഒക്ടോബർ 28നായിരുന്നു ഇയാൾ നാൻസി പെലോസിയുടെ സാൻസ്ഫ്രാൻസിസ്കോയിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. അന്നത്തെ അമേരിക്കൻ സ്പീക്കറായിരുന്ന നാൻസി പെലോസിയെ ബന്ദിയാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്ന് ഇയാൾ കുറ്റസമ്മതത്തിൽ വിശദമാക്കിയിരുന്നു.

തലയോട്ടിയ്ക്ക് പൊട്ടൽ അടക്കം തലയ്ക്കും വലത് കൈയ്ക്കുമാണ് ആക്രമണത്തിൽ ഗുരുതര പരിക്കുകൾ സംഭവിച്ചത്. ചുറ്റിക കൊണ്ടുള്ള ആക്രമണത്തിലാണ് തലയോട്ടി തകർന്നത്. നരഹത്യ, ആയുധം കൊണ്ടുള്ള ആക്രമണം, മുതിര്‍ന്ന പൌരന്മാര്‍ക്കെതിരായ ആക്രമണം, കവര്‍ച്ച അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഡെ പെപ്പിനെ അറസ്റ്റ് ചെയ്തത്. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായിരുന്ന പോള്‍ പെലോസി ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *