Your Image Description Your Image Description

ടാസ്മാനിയ: ആദിവാസി യുവാവിന്റെ മൃതദേഹം വികൃതമാക്കിയതിന് ഏറെ പഴികേട്ട ടാസ്മാനിയയിലെ ഓസ്ട്രേലിയൻ അധികാരിയുടെ പ്രതിമ നശിപ്പിച്ച് അജ്ഞാതർ. കൊളോണിയൽ കാലഘട്ടത്തിൽ ആദിവാസി യുവാവിനോട് അനീതി കാണിച്ച വില്യം ക്രൌത്തറിന്റെ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടാസ്മാനിയയിൽ ഏറെ കാലമായി പ്രതിഷേധം നടന്നിരുന്നു. വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ വില്യം ക്രൌത്തറിന്റെ പൂർണകായ പ്രതിമ സ്ഥിരമായി നീക്കാൻ ഇത് സംബന്ധിയായ ട്രൈബ്യൂണൽ തീരുമാനം എടുത്തിരുന്നു. ബുധനാഴ്ച തീരുമാനം എടുത്തതിന് പിന്നാലെയാണ് വില്യം ക്രൌത്തറിന്റെ പ്രതിമയുടെ കാലുകൾ വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയത്. ട്രൈബ്യൂണലിന്റെ നിർണായക വിധി എത്തുന്നതിന് മുൻപ് തന്നെ പ്രതിഷേധക്കാർ പ്രതിമ നശിപ്പിച്ചിരുന്നു. ഉപനിവേശവാദത്തിൻറെ അന്ത്യമെന്ന് വ്യക്തമാക്കുന്ന കുറിപ്പുകൾ ഗ്രാഫിറ്റി രൂപത്തിൽ എഴുതിയ ശേഷമാണ് പ്രതിമ തകർത്തത്.

വില്യം ലാനി എന്ന ആദിവാസി യുവാവാണ് 1869ൽ വില്യം ക്രൌത്തറിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇക്കാലത്ത് ടാസ്മാനിയയിലെ ഓസ്ട്രേലിയൻ അധികാരി ആയിരുന്നു വില്യം ക്രൌത്തർ. ലണ്ടനിലെ റോയൽ കോളേജ് ഓഫ് സയൻസിന് ഗവേഷണത്തിന് നൽകാനായി കിംഗ് ബില്ലി എന്നറിയിപ്പിട്ടിരുന്ന ടാസ്മാനിയയിലെ ആദിവാസി നേതാവായിരുന്ന യുവാവിന്റെ മൃതദേഹത്തിൽ നിന്ന് വില്യം ക്രൌത്തർ ശിരസ് അറുത്തെടുത്ത് മൃതദേഹം വികൃതമാക്കിയിരുന്നു. മറ്റൊരു മൃതദേഹത്തിന്റെ തലയോട്ടിയാണ് യുവാവിന്റെ മൃതദേഹത്തിൽ വില്യം ക്രൌത്തർ വച്ച് പിടിപ്പിച്ചത്.

1889ലാണ് വില്യം ക്രൌത്തറിന്റെ പ്രതിമ ടാസ്മാനിയയിലെ ഹോബാർട്ട്സ് ഫ്രാങ്ക്ലിൻ സ്ക്വയറിൽ സ്ഥാപിച്ചത്. ആദിവാസി സമൂഹത്തോടുള്ള അതിക്രമത്തിൽ വിയോജിച്ച് ഈ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി ഇവിടെ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിമ നീക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപ് നശിപ്പിക്കപ്പെട്ടതിനെ ഹൊബാർട് മേയർ അപലപിച്ചു. പ്രതിമ തകർത്തവരേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *