Your Image Description Your Image Description

അസമിലെ എ പ്ലസ് ചാർജുമായി സഹകരിച്ച് 1000ലധികം നൂതന ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കും

കൊച്ചി: കേരളത്തിൽ നിന്നുള്ള ഊർജസാങ്കേതികവിദ്യാ സ്റ്റാർട്ടപ്പും മുൻനിര ഇലക്ട്രിക് വാഹനചാർജിങ് ശൃംഖലയുമായ ചാർജ്‌മോഡും ഗുവാഹത്തി കേന്ദ്രമാക്കി അസമിൽ പ്രവർത്തിക്കുന്ന എ പ്ലസ് ചാർജും തമ്മിൽ സഹകരണത്തിന് ധാരണയായി. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇലക്ട്രിക് വാഹനചാർജിങ് ശൃംഖല വേഗത്തിൽ വിപുലീകരിക്കാൻ ഇരുകമ്പനികളും ഒരുമിച്ച് പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി മേഖലയിൽ ആയിരത്തിലേറെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ആയിരം പുതിയ ചാർജറുകൾ കൂടി സ്ഥാപിക്കുന്നതോടുകൂടി ഇന്ത്യയിൽ ചാർജ്മോഡിന് കീഴിലുള്ള ആകെ ചാർജറുകളുടെ എണ്ണം 4200 കടക്കും. ഇതിൽ 2000 എണ്ണം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്. മറ്റൊരു 1200 ചാർജറുകൾ അടുത്തിടെ പ്രഖ്യാപിച്ചവയുമാണ്.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് മുൻനിര കമ്പനികൾ കൈകോർക്കുന്നതോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചാർജിങ് ശൃംഖല വൻതോതിൽ വികസിക്കുമെന്നാണ് പ്രതീക്ഷ. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിൽ ചാർജ്മോഡിന്റെ കരുത്തുറ്റ പരിചയസമ്പത്തും സാങ്കേതികമികവും അസമിനും ഗുണം ചെയ്യും. എ പ്ലസ് ചാർജിന്റെ പ്രാദേശികപരിചയം കൂടി ചേരുന്നതോടെ കാര്യങ്ങൾ എളുപ്പമാകും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചാർജിങ് സംവിധാനങ്ങൾ വികസിപ്പിക്കാനായി എ പ്ലസ് ചാർജുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ചാർജ്‌മോഡ് സിഇഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറഞ്ഞു. ഈ മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ നീക്കം സുപ്രധാന പങ്കുവഹിക്കും. ഇലക്ട്രിക്ക് വാഹനമോടിക്കുന്നവർക്ക് മാത്രമല്ല, മേഖലയിലെ സുസ്ഥിരഗതാഗത രംഗമാകെ വികസിക്കുന്നതിനും ഭാവിയിൽ പ്രകൃതിസൗഹൃദപരമായ വളർച്ച കൈവരിക്കുന്നതിനും ഈ നീക്കം സഹായകമാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് മേഖലയിലെ മുൻനിര കമ്പനിയാണ് എ പ്ലസ്. അതുകൊണ്ടുതന്നെ ഈ സഹകരണത്തിൽ പ്രതീക്ഷകളേറെയുണ്ട്. കേരളത്തിൽ ചാർജ്‌മോഡ് സാധ്യമാക്കിയ നേട്ടങ്ങൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ആവർത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും എം. രാമനുണ്ണി പറഞ്ഞു.

2019ലാണ് ചാര്‍ജ്മോഡ് സ്ഥാപിതമാകുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ വളര്‍ന്നു വന്ന സംരംഭമായ ചാര്‍ജ്മോഡിന് നിലവില്‍ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി 2300ലേറെ ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. കേരളത്തിലും അതിശക്തമായ വിപണിസാന്നിധ്യമാണ് കമ്പനിക്കുള്ളത്. സംസ്ഥാനത്തെ ഇലക്ട്രിക് ഓട്ടോകൾക്ക് ചാർജിങ് സൗകര്യം നൽകുന്ന ഒരേയൊരു സ്ഥാപനമാണ്. യാത്രക്കിടയിൽ പൊതുചാർജിങ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിന് തദ്ദേശീയമായി മൊബൈൽ ആപ്പ്ളിക്കേഷൻ വികസിപ്പിച്ച ആദ്യകമ്പനിയും ചാർജ്മോഡാണ്.

ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സാധ്യതകളുള്ള പ്രദേശമാണ് വടക്കുകിഴക്കൻ ഇന്ത്യയെന്നും ഈ സഹകരണത്തിലൂടെ അത് എത്രയും യാഥാർഥ്യമാകുമെന്നും എ പ്ലസ് കമ്പനിയുടെ സിഇഒ സമ്യക് ജെയിൻ പറഞ്ഞു. ചാർജ്‌മോഡുമായി സഹകരിച്ച്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നവർക്ക് മേഖലയിലുടനീളം വിശ്വസ്തവും ഫലപ്രദവുമായ ചാർജിങ് ശൃംഖല പടുത്തുയർത്തും. കേരളത്തിന്റെ മാതൃക പിന്തുടർന്ന് ഇവി ചാർജിങ് വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രകൃതിസൗഹൃദപരമായ ഒരു ഭാവി പടുത്തുയർത്തുന്നതിന് എല്ലാവർക്കും ഉപയോഗിക്കാവുന്ന ശക്തമായ ഇ.വി. ചാർജിങ് സംവിധാനങ്ങൾ ഒരുക്കാൻ ഈ സഹകരണത്തിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആൾട്ടർനാറ്റ്.ഇ.വി. സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപവിഭാഗമാണ് എ പ്ലസ് ചാർജ്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള അസമിന്റെ മാറ്റത്തിന് നേതൃത്വം നൽകുന്നത് എ പ്ലസ് ചാർജാണ്‌. ഇലക്ട്രിക് കാറുകൾ, ബസുകൾ, റിക്ഷകൾ എന്നിവയ്ക്കായി വിവിധയിടങ്ങളിൽ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ നിർണായകപങ്കാണ് കമ്പനി വഹിക്കുന്നത്. ഇലക്ട്രിക് ടാക്സികൾക്കും ബസുകൾക്കും ഉൾപ്പെടെ പൊതുഗതാഗതരംഗത്തും എ പ്ലസ് മോഡ് സേവനങ്ങൾ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *