Your Image Description Your Image Description

പാലക്കാട്: കഴിഞ്ഞ 2 വർഷത്തിനിടെ ട്രെയിയിനിടിച്ച് മൂന്ന് കാട്ടാനകളാണ് കഞ്ചിക്കോട് മേഖലയിൽ ചരിഞ്ഞത്. വനമേഖലയിലൂടെ പോകുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക ആരോപണം. ഇന്നലെ 35 വയസുള്ള പിടിയാനയുടെ ജീവനാണ് തിരുവനന്തപുരം ചെന്നൈ മെയിൽ എടുത്തത്. ട്രെയിനിന്റെ അമിത വേഗമമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെതിരെ കേസ് എടുത്തിരിക്കുകയാണ് വനംവകുപ്പ്.

കഞ്ചിക്കോട് റയിൽവെ ഗേറ്റിന് സമീപം ഇന്നലെ രാത്രി 11 നും 12 നും ഇടയിലാണ് അപകടമുണ്ടായത്. ചെന്നെ മെയിൽ കടന്നു പോകുന്ന സമയത്ത് പാളത്തിലൂടെ നടന്നു നീങ്ങുകയായിരുന്ന പിടിയാനയുടെ നെറ്റിയിലും തലയ് ക്കുമാണ് ട്രെയിനിടിച്ച് പരുക്കേറ്റത്. അപകടത്തിനു ശേഷം ഏതാണ്ട് 500 മീറ്റർ നടന്ന് ആന സമീപത്തെ ചെളിക്കുളത്തിൽ നിലയുറപ്പിച്ചു. പിന്നീട് ക്ഷീണിതയായി വീണു. പുലർച്ചെ 2.15 ഓടെ മരണം സ്ഥിരീകരിച്ചു. കുളത്തിൽ നിന്ന് ആനയുടെ ജഡം ഉയർത്തിയത് ക്രെയിൻ ഉപയോഗിച്ചാണ്.

ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു. വനമേഖലയിലൂടെ കടന്നു പോകുമ്പോൾ ട്രയിനിന്റെ വേഗത 20 കി.മി നും 25 കിമീറ്റർ ഇടയിൽ ആക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കപെടുന്നില്ലെന്ന പരാതി വനംവകുപ്പിനുണ്ട് എപ്രിൽ മാസത്തിൽ ട്രാക്കിന് കുറുകെ വന്ന മയിൽ എൻജിന് അടിയിൽ കുടുങ്ങി ചത്തിരുന്നു. കിലോമീറ്ററുകളോളം നീങ്ങിയ ശേഷമാണ് മയിലിനെ എൻജിന് അടിയിൽ നിന്ന് പുറത്തെടുക്കാനായത്. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിന്റെ എൻജിന് അടിയിലാണ് മയിൽ കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *