Your Image Description Your Image Description

കാർഷിക മൃഗസംരക്ഷണ മേഖലയിലെ നൂതന സാധ്യതകളും സംരംഭക ആശയങ്ങളും ചർച്ച ചെയ്ത് ദേശീയ സരസ്മേളയിലെ ഏഴാം ദിനം. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വഴികൾ തുറന്ന് “കാർഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭക സാധ്യതകൾ ” എന്ന വിഷയത്തിൽ നടന്ന സെമിനാർ ശ്രദ്ധേയമായി.

കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും കുടുംബശ്രീ മുൻ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്ററുമായ പ്രമോദ് മാധവൻ കാർഷിക മേഖലയിലെ സംരംഭക സാധ്യതകളെക്കുറിച്ച് അറിവുകൾ പകർന്നു. എങ്ങനെ കൃഷി ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് അദ്ദേഹം ആശയങ്ങൾ പങ്കുവച്ചു. ഭൂരിഭാഗം നിത്യോപയോഗ വസ്തുക്കൾക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാടാണ് കേരളം അതുകൊണ്ടുതന്നെ ഇവിടെ വലിയ രീതിയിലുള്ള സംരംഭക സാധ്യതകളുണ്ട്. കൃഷിയിടം തന്നെ വിപണിയാക്കി അഗ്രികൾച്ചർ എന്നതിൽ നിന്ന് മാറി അഗ്രിബിസിനസ് എന്ന നിലയിലേക്ക് കൊണ്ട് വരണം. ഇടനിലക്കാരെ ഒഴിവാക്കി സ്വന്തമായി വിപണി കണ്ടെത്തുന്നതിലൂടെ കൃഷിയിൽ ലാഭം കണ്ടെത്താൻ സാധിക്കും. കൃഷിക്കാരൻ സ്വന്തമായി ഒരു ബ്രാന്റായി മാറണം.

ജല മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിലൂടെ മാത്രമേ കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിച്ചുകൊണ്ട് മികച്ച രീതിയിൽ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കു. കാലാനുസൃതമായ മാറ്റം കൃഷി രീതിയിലും കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് യന്ത്രങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയണം. ഡ്രോൺ പോലുള്ളവ ഉപയോഗിച്ച് വളപ്രയോഗം നടത്താൻ നമ്മുടെ കർഷകരെയും പ്രാപ്തരാക്കണം. ജൈവവളങ്ങളുടെയും കീടനാശിനികളുടെയും മാത്രം ഉപയോഗപ്പെടുത്തി കൃഷി ചെയ്യുന്നത് വഴി ജൈവ സർട്ടിഫിക്കേഷന്‍ നേടി കൂടുതൽ വിപണി കണ്ടെത്താൻ സാധിക്കും.

വിവിധ ജില്ലകളിലായി വിജയിച്ച സംരംഭങ്ങൾ അദ്ദേഹം വേദിയിൽ പരിചയപ്പെടുത്തി. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായി പുതിയ ആശയങ്ങൾ പങ്കുവച്ചു. മൃഗസംരക്ഷണ മേഖലയിലെ സംരംഭക സാധ്യതകൾ എന്ന വിഷയത്തിൽ വെറ്റിനറി സർജനും കുടുംബശ്രീ മുൻ ഇടുക്കി ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുമായ ഡോ.ജി. എസ് മധു അവതരണം നടത്തി . ശുദ്ധമായ പാല് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആശയത്തിൽ നിന്ന് ഉൾതിരിഞ്ഞ ” നേച്ചർ ഫ്രഷ് മിൽക്ക് ” എന്ന സംരംഭത്തിന്റെ കഥയിൽ നിന്ന് തുടങ്ങി മൃഗ സംരക്ഷണ മേഖലയിലെ വിവിധ സാധ്യതകളെക്കുറിച്ച് അദ്ദേഹം ആശയങ്ങൾ പങ്കുവെച്ചു.

അവനവന് കഴിയുന്ന മേഖല തിരഞ്ഞെടുക്കുക എന്നതാണ് സംരംഭം ആരംഭിക്കുന്നതിന്റെ ആദ്യപടി. കൃത്യമായ അറിവും ധാരണയും ആർജിക്കേണ്ടത് സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് അനിവാര്യമാണ്. ഉൽപാദനശേഷിയുള്ള മൃഗങ്ങളെ കണ്ടെത്തുക എന്നത് പ്രധാനമാണ്. പാല്, മുട്ട, ഇറച്ചി എന്നിവ കൂടാതെ ജൈവ വളങ്ങൾ പോലുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളും മൃഗസംരക്ഷണ മേഖലയിൽ നിന്ന് സാധ്യമാകും.
വിശ്വാസതയും കൃത്യതയും കാത്തുസൂക്ഷിച്ച് ഒരു ബ്രാന്റായി വളരേണ്ടത് അനിവാര്യമാണ് ഇതിലൂടെ വിപണി കണ്ടെത്താൻ സാധിക്കും. ഇടനിലക്കാരെ ഒഴിവാക്കി ശുദ്ധമായ ഉൽപന്നങ്ങൾ ഗുണഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നത് ഗുണം ചെയ്യും. സംരംഭം വിജയകരമായി മുന്നോട്ട് നയിക്കാൻ അനിവാര്യമായ പ്രവർത്തനങ്ങളെ കുറിച്ചും, പ്രതിസന്ധികളെ എങ്ങനെ നേരിടാം എന്നും അദ്ദേഹം വിശദീകരിച്ചു. മൃഗസംരക്ഷണ മേഖലയിലെ പുതിയ സംരംഭക സാധ്യതകളെ സദസിന് പരിചയപ്പെടുത്തി.

കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും കുടുംബശ്രീ മുൻ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുമായ റ്റാനി തോമസ് മോഡറേറ്ററായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി. എം റജീന അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം. ഡി സന്തോഷ്‌, പ്രോഗ്രാം മാനേജർ ടി. ആർ രമ്യ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *