Your Image Description Your Image Description

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി കുടിവെള്ള പദ്ധതികൾക്കായി ഉപയോഗപ്പെടുത്തിയിരുന്ന പുഴകളിലെ ജലനിരപ്പ് കുറഞ്ഞതും കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതുമാണ് കുടിവെള്ള പദ്ധതികളെ പ്രതികൂലമായി ബാധിക്കുന്നത്. കുടിവെള്ള പദ്ധതികളെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ ദിവസങ്ങളായി കടുത്ത ദുരിതം അനുഭവിക്കുകയാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ മാത്രമേ ഇത് തികയുന്നുള്ളൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പുഴയിൽ അനധികൃതമായി നിർമ്മിച്ചിരുന്ന തടയണകൾ നാട്ടുകാരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. ദേവസ്വംകാട് കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് പനമ്പിലാവ് പുഴയിലെ അനധികൃത തടയണകൾ പൊളിച്ചു മാറ്റിയത്.

കൃഷി ആവശ്യങ്ങൾക്കും ഫാമുകളിലേക്കുമുള്ള ജലം ഉപയോഗത്തിനായി പുഴകളിൽ കെട്ടിയ തടയണകളാണ് പൊളിച്ചു മാറ്റിയത്. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൃഷി ആവശ്യത്തിനും മറ്റും വലിയ പൈപ്പുകൾ ഉപയോഗിച്ച് പുഴകളിൽ നിന്നും ജലം എടുക്കരുതെന്ന് കാണിച്ച് കൊടിയത്തൂർ പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന ഊർങ്ങാട്ടിരി പഞ്ചായത്ത് ഉത്തരവ് ഇറക്കിയിരുന്നു. കൊടിയത്തൂർ പഞ്ചായത്തിലും ഇത്തരത്തിൽ ഉത്തരവിറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *