Your Image Description Your Image Description

ഡല്‍ഹി: മുസ്ലിം ലീഗ് ജമ്മുകശ്മീര്‍ (മസ്‌റത്ത് ആലം വിഭാഗം) എന്ന സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം മുസ്ലിം ലീഗ് ജമ്മുകശ്മീരിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്.

സംഘടനയും ഇതിലെ അംഗങ്ങളും ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ പിന്തുണക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നവരും ജമ്മു കശ്മീരില്‍ ഇസ്ലാമിക് ഭരണം കൊണ്ടുവരാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തവരാണെന്ന് അമിത് ഷാ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാപ്പ് നല്‍കില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മാപ്പ് നല്‍കില്ലെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ നേരിടേണ്ടിവരുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിന്റെ സന്ദേശം ഉറച്ചതും വ്യക്തവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വിരുദ്ധ, പാകിസ്താന്‍ അനുകൂല പ്രചരണത്തിന്റെ പേരിലാണ് ഈ സംഘടന അറിയപ്പെടുന്നതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്താനില്‍ നിന്നും അനുകൂല സംഘടനകളില്‍ നിന്നുമടക്കം നേതാക്കള്‍ പണം പിരിക്കുന്നുണ്ട്. ഇവര്‍ വിഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും രാജ്യത്തിന്റെ ഭരണഘടന അധികാരികളോട് തികഞ്ഞ അനാദരവ് കാണിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *