Your Image Description Your Image Description

 

കോട്ടയം: കോട്ടയം മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കൾ പൊന്തൻ പുഴ വനമേഖലയിൽ എത്തിച്ച് മദ്യം നൽകിയശേഷം ഈ മാസം 13നാണ് സുമിത്തിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്. ആക്രമണം നടത്തിയ രണ്ടുപേരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേയാണ് മരിച്ചത്. മുൻ വൈരാഗ്യത്തിൻ്റെ പേരിലായിരുന്നു ആക്രമണം.

ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ സാബു ദേവസ്യ, കൊടുങ്ങൂർ പാണപുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ രാജു എന്ന് വിളിക്കുന്ന പ്രസീദ്. ജി എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശിയായ സുമിത്തിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സുമിത്തുമായി പരിചയത്തിലുള്ള സാബു ദേവസ്യ കഴിഞ്ഞദിവസം രാവിലെ യുവാവിനെ തന്റെ സ്കൂട്ടറിൽ കയറ്റി മണിമല ബസ്റ്റാൻഡിൽ എത്തിയതിനു ശേഷം, ഇവിടെനിന്നും ബസ്സിൽ കയറി പൊന്തമ്പുഴ വനത്തിൽ ആളില്ലാത്ത ഭാഗത്ത് എത്തിച്ച് അവിടെയുണ്ടായിരുന്ന പ്രസീദും ഇയാളും ചേർന്ന് യുവാവിന് മദ്യം നൽകുകയും ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് ശരീരത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ മുഖത്തിനും കഴുത്തിനും ശരീരത്തും സാരമായി പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാബു ദേവസ്യക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇത്തരത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു.

മാർച്ച് മാസം മുപ്പതാം തീയതി സമാനമായ രീതിയിൽ യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ വനത്തിൽ എത്തിച്ചുവെങ്കിലും അന്ന് കൊലപാതക ശ്രമം നടത്താൻ സാധിച്ചില്ല എന്നും ഇവർ പോലീസിനോട് പറഞ്ഞു. പ്രതികളിൽ ഒരാളായ പ്രസീദിന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *