Your Image Description Your Image Description

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും ഇടതുപാളയത്തിൽ നിന്ന് വിമർശനം. ഇക്കുറി സിപിഐ ദേശീയ സെക്രട്ടറി ഡി രാജയാണ് രാഹുലിനെതിരെ വിമർശനമുന്നയിച്ചത്. കോഴിക്കോട്ട് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡി രാജ.

ഇഡി, ദില്ലി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിക്കുന്ന രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോൾ എന്ത് രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്ന് വ്യക്തമാക്കണമെന്നാണ് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുടെ ചോദ്യം.

രാഹുലിൻറെ ഇത്തരം പ്രസ്താവനകൾ തരംതാണതാണെന്നും ഡി രാജ. ഇഡി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുമ്പോൾ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാറിൻറെ നടപടിയെ രാഹുൽ അംഗീകരിക്കുകയാണെന്നും രാജ വ്യക്തമാക്കി. കേരളത്തിൽ രാഹുൽ ഗാന്ധിക്കെതിരായ തുറന്ന വിമർശനത്തിലാണ് ഇടതുപക്ഷം. ദേശീയ തലത്തിൽ ഇന്ത്യ മുന്നണിക്കൊപ്പം, അതായത് കോൺഗ്രസിനോട് ചേർന്ന് മുന്നണിയിൽ നിൽക്കുമ്പോഴും കേരളത്തിൽ കടുത്ത മത്സരം തന്നെയാണ് ഇടതുപക്ഷവും യുഡിഎഫും തമ്മിൽ നടക്കുന്നത്.

ഇതിനിടെ രാഹുൽ ഗാന്ധിയെ രൂക്ഷമായ ഭാഷയിൽ പിണറായി വിജയൻ പല തവണ വിമർശിച്ചത് കോൺഗ്രസ് ചോദ്യം ചെയ്യുന്നുണ്ട്. പിണറായിക്ക് പുറമെ മറ്റ് ഇടതുനേതാക്കളും കേരളത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനങ്ങളുന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *