Your Image Description Your Image Description

തൃശൂർ: പൂരത്തിനോട് അനുബന്ധിച്ച് സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. പൂരത്തിന്റെ ഭാരവാഹികൾ, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാർ, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കായാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മുഹമ്മദ് ഷഫീക്ക് ക്രിമിനൽ നടപടി നിയമം 144 -ാം വകുപ്പ് പ്രകാരം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രധാന നിർദേശങ്ങൾ ഇങ്ങനെ:

# ഏപ്രിൽ 19, 20 തീയതികളിൽ നടക്കുന്ന ഘടക പൂരങ്ങൾ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണം.

# ആനകളെ എഴുന്നള്ളിക്കൽ, വെടിക്കെട്ട് നടത്തൽ എന്നിവ സംബന്ധിച്ച് സുപ്രീം കോടതി/ ഹൈക്കോടതി, അതത് സമയത്തെ സർക്കാർ ഉത്തരവുകൾ പാലിക്കണം.
# നീരുള്ളവയോ, മദപ്പാടുള്ളവയോ വെടിക്കെട്ട് നടത്തുമ്പോൾ മറ്റും വിരണ്ടോടുന്നവയോ, സ്വതവെ വികൃതികളോ ആയ ആനകളെ ഏപ്രിൽ 17, 18, 19, 20 തീയതികളിൽ തൃശൂർ പട്ടണാതിർത്തിക്കുള്ളിൽ പ്രവേശിപ്പിക്കരുത്. കൂടാതെ ഇവയെ പൂരം എഴുന്നള്ളിപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യരുത്.

# ആനകളെ എഴുന്നള്ളിക്കുന്നതിന് ആവശ്യമായ രേഖകൾ ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് മുമ്പാകെയും, ഫോറസ്റ്റ്, വെറ്ററിനറി ഉദ്യോഗസ്ഥർ മുമ്പാകെയും ഹാജരാക്കണം.

# മുൻകാലങ്ങളിൽ ഇടഞ്ഞ് ആളപായം വരുത്തിയ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ പാടില്ല. പാപ്പാന്മാർ ഒഴികെ ആരും ആനകളെ സ്പർശിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്.

# പൂരം നടക്കുന്ന ഏപ്രിൽ 17, 18, 19, 20 തീയതികളിൽ ഹെലികോപ്റ്റർ, ഹെലികാം എയർഡ്രോൺ, ജിമ്മിജിബ് ക്യാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം വടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ ആനകളുടെയും മറ്റും കാഴ്ചകൾ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകൾ, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, മറ്റുപകരണങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും പൂർണമായും നിരോധിച്ചു.

# എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിച്ച് ഭീഷണി ഉയർത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം.

# അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളിൽ വെടിക്കെട്ട് കാണുന്നതിന് ആളുകളെ പ്രവേശിപ്പിക്കരുത്.

# വെടിക്കെട്ടിന് അനുമതി ലഭിക്കുന്നപക്ഷം പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാരുടെ വെടിക്കെട്ട് നിശ്ചിത സമയക്രമം പാലിച്ച് നടത്തണം.

സാമ്പിൾ വെടിക്കെട്ട്
പാറമേക്കാവ്: ഏപ്രിൽ 17- രാത്രി ഏഴ് മുതൽ ഒമ്പതുവരെ.
തിരുവമ്പാടി: ഏപ്രിൽ 17- രാത്രി ഏഴ് മുതൽ 8.30 വരെ.

മുഖ്യ വെടിക്കെട്ട്
പാറമേക്കാവ്: ഏപ്രിൽ 20- പുലർച്ചെ മൂന്ന് മുതൽ ആറുവരെ.
തിരുവമ്പാടി: ഏപ്രിൽ 20- പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെ.

പകൽപൂരത്തിനോടനുബന്ധിച്ച വെടിക്കെട്ട്
പാറമേക്കാവ്: ഏപ്രിൽ 20- രാവിലെ 11.30 മുതൽ രണ്ടുമണിവരെ.
തിരുവമ്പാടി: ഏപ്രിൽ 20- ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ.

Leave a Reply

Your email address will not be published. Required fields are marked *