Your Image Description Your Image Description

 

 

മസ്കറ്റ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 154 തടവുകാർക്ക് മോചനം. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലിൽ കഴിയുന്ന 154 തടവുകാർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകി വിട്ടയച്ചത്.

അതേസമയം ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുൾപ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക.

സൗദിയിലും ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിലും റമദാൻ വ്രതം മാർച്ച് 11നായിരുന്നു ആരംഭിച്ചത്. മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ നാളെയാണ് ആഘോഷിക്കുക. ഒമാനിൽ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.

യുഎഇ സർക്കാർ പൊതുമേഖലാ ജീവനക്കാർക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഏപ്രിൽ എട്ട് തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രിൽ 15 മുതലാണ് പ്രവൃത്തി സമയം.
യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും.

ഏപ്രിൽ ഒമ്പത് മുതൽ 14 വരെയാണ് കുവൈത്തിൽ അവധി. ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേർന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളിൽ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല. എന്നാൽ അടിയന്തര ആവശ്യങ്ങൾക്കുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കും.

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഏപ്രിൽ ഏഴ് ഞായറാഴ്ച മുതൽ ഏപ്രിൽ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രിൽ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *