Your Image Description Your Image Description

 

 

തിരുവനന്തപുരം: 8000 രൂപയുടെ ക്ഷേമപെൻഷൻ ഇനിയും കൊടുക്കാനുള്ളപ്പോൾ 3200 കൊടുത്തത് വല്യ സംഭവമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ടാടുന്നത് 62 ലക്ഷം പാവപ്പെട്ടവരുടെ കണ്ണീരിൽ ചവിട്ടി നിന്നാണെന്ന് മറക്കരുതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ. സർക്കാരിന്റെയും പാർട്ടിയുടെയും ആർഭാടത്തിന് ഒരു മുടക്കവും ഇല്ലാത്തപ്പോഴാണ് ക്ഷേമപെൻഷൻ കുടിശിക മുഴുവൻ നല്കാതെ പാവപ്പെട്ടവരുടെ വിഷുവും ഈസ്റ്ററും റംസാനും കണ്ണീരിലാഴ്ത്തിയത്.

കേന്ദ്രവിഹിതം നല്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുരുതരമായ വീഴ്ചയുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്ന 6.88 ലക്ഷം പേർക്ക് ഒരു വർഷമായി ക്ഷേമപെൻഷൻ കുടിശികയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പിണറായി വിജയൻ 3200 രൂപ നല്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അടുത്ത ഗഡു കിട്ടണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് വരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്ഷേമപെൻഷൻ നിഷേധിക്കപ്പെട്ട 62 ലക്ഷം പേർ മോദിയുടെയും പിണറായിയുടെയും അഹന്തയ്ക്ക് അന്ത്യം കുറിക്കുമെന്ന് ഹസൻ ചൂണ്ടിക്കാട്ടി.

ഇലക്ട്രൽ ബോണ്ടിലൂടെയും സഹകരണ ബാങ്ക് തട്ടിപ്പുകളിലൂടെയും സമാഹരിച്ച കോടാനുകോടികൾ ബിജെപിയും സിപിഎമ്മും മത്സരിച്ച് തെരഞ്ഞെടുപ്പിൽ ഒഴുക്കുന്നതിനിടയ്ക്കാണ് പാവപ്പെട്ട ക്ഷേമപെൻഷൻകാരെ ഇരുകൂട്ടരും മറന്നത്. സിപിഎം ഭരിക്കുന്ന സഹകരണബാങ്കിൽ നിന്ന് നിക്ഷേപം തിരികെ കിട്ടാൻ ഇടത് എംപി സന്തോഷ് കുമാറിന്റെ സഹോദരിവരെ സമരം ചെയ്യുകയാണ്. പല സഹകരണബാങ്കുകളുടെയും മുന്നിൽ നിക്ഷേപകർ സമരത്തിലാണ്. സർക്കാർ പണം നല്കാത്തതിനാൽ മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ ഇല്ല. സാധനങ്ങളുടെ തീപിടിച്ച വിലയും ഉത്സവനാളുകളെ ദുരിതകാലമാക്കി. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊന്നും കേട്ടുകേഴ്‌വിയില്ലെന്നും ഹസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *