Your Image Description Your Image Description

 

പുന്നപ്ര: പുറക്കാട് അച്ഛന്റെയും അമ്മയുടെയും മകന്റെയും ദാരുണ മരണത്തിനിടയാക്കിയത് ദേശീയ പാതാ വികസന അതോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം. ഓടക്ക് വേണ്ടി കുഴിയെടുത്ത മണ്ണ് റോഡിൽ നിന്ന് നീക്കം ചെയ്യാതിരുന്നതു മൂലം ബൈക്ക് റോഡിൽ നിന്ന് ഒതുക്കാൻ കഴിയാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്ര ദർശനത്തിന് ബൈക്കിൽ പോയ പിതാവും മാതാവും മകനുമാണ് ഇവിടെ ടോറസിടിച്ചു മരിച്ചത്.

പുറക്കാട് പുന്തല കളത്തിൽപ്പറമ്പിൽ സുദേവ് (45), ഭാര്യ വിനീത (36), മകൻ ആദി ദേവ് (12) എന്നിവരാണ് മരിച്ചത്. സുദേവ് അപകട സ്ഥലത്തു വെച്ചും ആദി ദേവ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. വിനീതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രി ഒമ്പതോടെയാണ് വിനീതയുടെ മരണം സംഭവിച്ചത്.

ഞായറാഴ്ച രാവിലെ ദേശീയ പാതയിൽ പുറക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. പുന്നപ്ര സ്വദേശിയായ മത്സ്യ വിൽപ്പനക്കാരൻ പ്രകാശന്റെ സൈക്കിളിൽത്തട്ടി ബൈക്ക് റോഡിലേക്ക് വീണപ്പോൾ എതിരെ വന്ന ടോറസിടിച്ചാണ് അപകടമുണ്ടായത്. ഇവിടെ ഏതാനും ആഴ്ച മുൻപ് ദേശീയ പാതക്കരികിൽ ഓട നിർമാണത്തിനായി എടുത്ത മണ്ണ് നീക്കം ചെയ്യാതെ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഒരു വാഹനം മറ്റൊരു വാഹനത്തെ മറി കടന്നെത്തിയാൽ ഒതുക്കാൻ കഴിയാതെ വരും.

ഇവിടെയും ഈ ദുരന്തത്തിന് കാരണമായത് റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണാണ്. അപകടത്തിൽപ്പെട്ട രണ്ട് ബൈക്കും മണൽക്കൂനക്ക് മുകളിലാണ് കിടക്കുന്നത്. ഇത് അടിയന്തിരമായി നീക്കം ചെയ്ത് ഇനിയും ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരത്തിൽ പലയിടത്തും റോഡ്, ഓട നിർമാണങ്ങൾക്കായെടുത്ത മണ്ണ് നീക്കം ചെയ്യാതെയിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *