Your Image Description Your Image Description

 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി. 2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ട്. അതേസമയം വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി.

പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 പേർ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ-367. സ്ത്രീ പുരുഷ അനുപാതം 1,000: 1,068. കൂടുതൽ വോട്ടർമാർ ഉള്ള ജില്ല – മലപ്പുറം (33,93,884), കുറവ് വോട്ടർമാർ ഉള്ള ജില്ല – വയനാട് (6,35,930), കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ള ജില്ല – മലപ്പുറം(16,97,132), കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല – തിരുവനന്തപുരം(94), ആകെ പ്രവാസി വോട്ടർമാർ -89,839, പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,793). 80 വയസ്സിന് മുകളിൽ പ്രായമുള്ള 6,27,045 വോട്ടർമാരുണ്ട്.

അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കുവാൻ അവസരം നൽകിയിരുന്നു. വോട്ടർ പട്ടിക ശുദ്ധീകരണത്തിനുള്ള നടപടികളും നിരന്തരം സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്പെഷ്യൽ സമ്മറി റിവിഷൻ കാലയളവിൽ സോഫ്റ്റ് വെയർ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എൻട്രികൾ, ഫോട്ടോ സമാനമായ എൻട്രികൾ എന്നിവ ബിഎൽഒ മാർ വഴി പരിശോധിച്ച് അധികമായി പട്ടികയിൽ ഉൾപ്പെട്ടവരെ ഒഴിവാക്കി.

ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാക്കിയിരുന്നു. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. അന്തിമ വോട്ടർപട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാർച്ച് 25 വരെ ലഭിച്ച വിവിധ അപേക്ഷകൾ പരിഗണിച്ചുമാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജില്ലകളിൽ അസി. റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധനക്ക് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ബൂത്ത് ലെവൽ ഓഫീസർമാർ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരെയും സ്ഥിരതാമസം മാറിയവരെയും ഉൾപ്പെടെ കണ്ടെത്തി ഒഴിവാക്കിയിരുന്നു. കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കുന്നതിനായി വിപുലമായ ശുദ്ധീകരണ പ്രക്രിയയും പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും സംസ്ഥാന വ്യാപകമായി നടത്തിയിരുന്നു എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *