Your Image Description Your Image Description

 

അജ്മീർ: രാജസ്ഥാനിൽ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനിയെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാൻ സ്കൂള്‍ അധികൃതർ അനുവദിച്ചില്ലെന്ന് പരാതി. സ്കൂളിലെ അന്തരീക്ഷത്തെ മോശമായി ബാധിക്കുമെന്ന് പറഞ്ഞാണ് പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്മീർ ചൈൽഡ് വെൽഫെയർ കമ്മീഷൻ സ്വകാര്യ സ്കൂളിനെതിരെ കേസെടുത്തു.

പെണ്‍കുട്ടി മറ്റൊരു സ്‌കൂളിലെ അധ്യാപികയോട് സംഭവം പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ്‌ലൈൻ നമ്പറിൽ വിളിക്കാൻ ആ അധ്യാപിക നിർദ്ദേശിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത അജ്മീർ ചൈൽഡ് വെൽഫെയർ കമ്മീഷൻ, അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. പെൺകുട്ടിക്ക് പരീക്ഷ എഴുതാൻ അവസരം ഒരുക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ അഞ്ജലി ശർമ്മ പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിദ്യാർത്ഥിനിയെ അമ്മാവനും മറ്റ് രണ്ട് പേരും ചേർന്ന് ബലാത്സംഗം ചെയ്തത്. ഈ സംഭവത്തിന് ശേഷം താൻ സ്‌കൂളിൽ വരുന്നത് അവിടത്തെ അന്തരീക്ഷത്തെ ബാധിക്കുമെന്ന് പറഞ്ഞ സ്കൂള്‍ അധികൃതർ തന്നോട് വീട്ടിലിരുന്ന് പഠിക്കാൻ ആവശ്യപ്പെട്ടു. വീട്ടിലിരുന്ന് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു താനെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *