Your Image Description Your Image Description

 

ഹൈദരാബാദ്: നല്ല സിനിമയെ പിന്തുണയ്ക്കുന്നത് ആര് എന്ന പേരില്‍ ഓൺലൈനിൽ തമിഴ്, തെലുങ്ക് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ തര്‍ക്കം. അതിന് കാരണമായത് പൃഥ്വിരാജിൻ്റെ ആടുജീവിതവും. കഴിഞ്ഞ മാര്‍ച്ച് 28നാണ് ആടുജീവിതം തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തത്.

എന്നാല്‍ ആടുജീവിതം തെലുങ്ക് പതിപ്പ് തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ മോശം പ്രകടനമാണ് നടത്തുന്നത്. ഇതോടെയാണ് ട്വിറ്ററിലും മറ്റും സംവാദം ഉടലെടുത്തത്. തെലുങ്ക് പ്രേക്ഷകർ എന്നും നല്ല സിനിമയെ പിന്തുണയ്ക്കാറില്ലെന്നും. മസാല എൻ്റർടെയ്‌നറുകളാണ് അവരുടെ എന്നത്തെയും വിഷയം എന്നും പല എക്‌സ് ഹാൻഡിലുകളും അവകാശപ്പെട്ടു. പ്രധാനമായും തമിഴ് പ്രേക്ഷകരാണ് ഈ വിമര്‍ശനം ഉയര്‍ത്തിയത്.

സാക്നിൽക്.കോം കണക്കുകള്‍ പ്രകാരം ആറ് ദിവസം കൊണ്ട്, ആടുജീവിതം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം 81 കോടി രൂപയാണ് നേടിയത്. ഇന്ത്യയിൽ ചിത്രം 46 കോടി രൂപ നേടിയിട്ടുണ്ട്, അതിൽ 32 കോടിയും ചിത്രത്തിൻ്റെ കേരളത്തിൽ നിന്നാണ്. തമിഴ്‌നാട്ടിൽ ചിത്രം 5.4 കോടിയും കർണാടകയിലും തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലും ചിത്രം യഥാക്രമം 3.4 കോടിയും 2.1 കോടിയും നേടി.

അത്തരം കണക്കുകളുടെ അടിസ്ഥാനത്തിൽ നല്ല സിനിമയെ പിന്തുണയ്ക്കാത്തതിന് തെലുങ്ക് പ്രേക്ഷകരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ വിവിധ പോസ്റ്റുകള്‍ വരുന്നത്. ഒരു തെലുങ്ക് റിവ്യൂ പ്ലാറ്റ്ഫോമില്‍ ബാലകൃഷ്ണയുടെ മാസ് മസാല ചിത്രത്തിനെക്കാള്‍ താഴ്ന്ന റൈറ്റിംഗ് ആടുജീവിതത്തിന് നല്‍കിയ സ്ക്രീന്‍ ഷോട്ടോടെയാണ് ഒരു തമിഴ് റിവ്യൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“തെലുങ്ക് റിവ്യൂവര്‍മാരുടെ ടേസ്റ്റ് എന്താണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഇത് കാണുമ്പോൾ എനിക്ക് ചിരി വരും. ആട് ജീവിതം ഒരിക്കലും എന്‍റര്‍ടെയ്മെന്‍റ് ചിത്രം അല്ല. എന്നാൽ റേറ്റിംഗ് അനുസരിച്ച് ഇത് ശരിക്കും ഒരു ഗംഭീര സിനിമയാണ്. തെലുങ്ക് പ്രേക്ഷകർക്കായി ഇത്തരത്തിലുള്ള സിനിമ റിലീസ് ചെയ്യരുത്” പോസ്റ്റില്‍ പറയുന്നു.

തുടര്‍ന്ന് ഇതിനെ തുടര്‍ന്ന് തെലുങ്ക് സിനിമ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള നിരവധി പോസ്റ്റുകളാണ് വരുന്നത്. എന്നാല്‍ ചിലയിടത്ത് തെലുങ്ക് പ്രേക്ഷകരുടെ മറുപടിയും ശ്രദ്ധേയമാകുന്നുണ്ട്. “എന്തുകൊണ്ടാണ് തമിഴ് സിനിമ പ്രേമികള്‍ മലയാള സിനിമകളുടെ തെലുങ്ക് പതിപ്പിനെ ഇത്രയധികം ശ്രദ്ധിക്കുന്നത്. മലയാളികൾ തമിഴ് സിനിമകളെ വളരെയധികം പിന്തുണയ്ക്കുന്നു, തമിഴർ മലയാള സിനിമകൾക്ക് ആ പിന്തുണ നൽകുന്നില്ല. മഞ്ഞുമ്മേൽ ബോയ്‌സും പ്രേമവും ഒഴികെ ഒരു സിനിമയും അവിടെ ശ്രദ്ധേയമായ കളക്ഷൻ നേടിയില്ല. അതേസമയം, തെലുങ്കിൽ 2018, പുലിമുരുകൻ, കുറുപ്പ്, പ്രേമലു ഒക്കെ ഹിറ്റാണ്” -ഒരു തെലുങ്ക് പ്രേക്ഷകന്‍ തിരിച്ചടിക്കുന്നു.

അതേ സമയം യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു പോരിന് അടിസ്ഥാനമൊന്നും ഇല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. തെലുങ്ക് പ്രേക്ഷകരെ കളിയാക്കുന്ന തമിഴ് പ്രേക്ഷകര്‍ ആടുജീവിതം തമിഴ് പതിപ്പ് വെറും അഞ്ച് ശതമാനമാണ് മൊത്തം കളക്ഷനില്‍ സംഭാവന ചെയ്തത് മറക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. അതേ സമയം എന്തെങ്കിലും വൈകാരിക കണക്ഷന്‍ ഉണ്ടായാല്‍ മാത്രമായിരിക്കും ഇത്തരം പടങ്ങള്‍ വിജയിക്കൂ. അല്ലാതെ പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് മറ്റൊരു അഭിപ്രായം വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *