Your Image Description Your Image Description

 

ബെംഗളൂരു: റോ പേസിന് ക്രിക്കറ്റില്‍ എപ്പോഴും വലിയ ആരാധകവലയമുണ്ട്. ഇപ്പോള്‍ ഇക്കൂട്ടത്തിലേക്ക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണുടക്കിയിരിക്കുന്നത് ഒരു യുവ താരത്തിന്‍റെ പേരാണ്. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്‍റ്സിനായി 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളുമായി അമ്പരപ്പിക്കുന്ന 21 വയസുകാരന്‍ പേസർ മായങ്ക് യാദവാണ് കക്ഷി. ഇതോടെ മായങ്ക് യാദവ് വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യം ഇതിനകം ഉയർന്നുകഴിഞ്ഞു.

ഐപിഎല്‍ കരിയറില്‍ ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് മായങ്ക് യാദവ് കളിച്ചിട്ടുള്ളത്. ലഖ്നൗ സൂപ്പർ ജയന്‍റ്സിനായി ഇറങ്ങിയ രണ്ട് കളിയിലും 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളുമായി ഞെട്ടിച്ച താരം തുടർച്ചയായി മാന്‍ ഓഫ് ദി മാച്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. രണ്ട് കളിയില്‍ ആറ് വിക്കറ്റുമായി പർപിള്‍ ക്യാപ് പട്ടികയില്‍ വെറും രണ്ട് മത്സരം കൊണ്ട് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചെത്തുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ ദില്ലിയുടെ താരമായ മായങ്കിനെ വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ഐപിഎല്ലില്‍ ലഖ്നൗ ടീം സ്വന്തമാക്കിയത്. പഞ്ചാബ് കിംഗ്സിനെതിരായ അരങ്ങേറ്റത്തില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റുമായി മായങ്ക് കളിയിലെ താരമായിരുന്നു. ആർസിബിക്കെതിരെ പിന്നാലെ 14 റണ്‍സിന് 3 വിക്കറ്റുമായും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി.

ആർസിബിക്ക് എതിരായ മത്സരത്തില്‍ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തുമായി (156.7 kmph) മായങ്ക് യാദവ് ഞെട്ടിച്ചു. 155.8 kmph എന്ന തന്‍റെ തന്നെ റെക്കോർഡാണ് മായങ്ക് തകർത്തത്. രണ്ട് തകർപ്പന്‍ പ്രകടനത്തോടെ മായങ്ക് യാദവിനെ ട്വന്‍റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം മുന്നോട്ടുവെക്കുകയാണ് ആരാധകർ. #MayankYadavForT20WorldCup2024 എന്ന ഹാഷ്‍ടാഗ് ഇതിനകം വൈറലായിക്കഴിഞ്ഞു. റോ പേസിന് പുറമെ പന്തിന്‍മേലുള്ള മികച്ച നിയന്ത്രണമാണ് മായങ്കിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ജസ്പ്രീത് ബുമ്ര നയിക്കുന്ന ഇന്ത്യന്‍ പേസ് നിരയിലേക്ക് മായങ്ക് യാദവ് ഒരുനാള്‍ എത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *