Your Image Description Your Image Description

ഡല്‍ഹി: ഇഡി കസ്റ്റഡിയിലും ഡല്‍ഹി ഭരണം തുടരുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി കെജരിവാള്‍ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നോട്ട് കൈമാറിയത്.

ഇഡി കസ്റ്റഡിയില്‍ കഴിയവെ അരവിന്ദ് കെജരിവാള്‍ ഇറക്കിയ ആദ്യ ഉത്തരവാണിത്. തലസ്ഥാന നഗരത്തിലെ ജലദൗര്‍ലഭ്യമാണ് കത്തില്‍ സൂചിപ്പിച്ചതെന്നും, ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചതായി മന്ത്രി അതിഷി വ്യക്തമാക്കി.

അതേസമയം, കോടികളുടെ അഴിമതി കേസിൽ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനമൊഴിയാത്ത നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാണ്. ജയിലിൽ കിടന്നു തന്നെ കെജ്രിവാൾ സർക്കാരിനെ നയിക്കുമെന്ന എഎപി നേതാവിന്റെ പരാമർശത്തിെനതിരെ ബിജെപി എംപി മനോജ് തിവാരി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

ഗുണ്ടാസംഘങ്ങളെയാകും കെജ്രിവാൾ നയിക്കുക, സർക്കാരിനെയാകില്ലെന്നായിരുന്നു ബിജെപി നേതാവിന്റെ വിമർശനം. കെജ്രിവാൾ ഡൽഹിയെ കൊള്ളയടിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റിൽ എല്ലാവരും സന്തോഷവാൻമാരാണ്. അതുകൊണ്ടുതന്നെ ആരും ഈ അറസ്റ്റിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഡൽഹിയെ ദുരിതത്തിന്റെ വക്കിൽ എത്തിക്കുന്നതിനാണ് കെജ്രിവാൾ ജീവിതം ഉഴിഞ്ഞുവച്ചത്. ഡൽഹിയിലെ ജനങ്ങൾ കെജ്രിവാളിനെ അത്രമേൽ വെറുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റിൽ അവർ മധുര വിതരണം നടത്തിയത്. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി എഎപി സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല. ആകെ ചെയ്തത് സംസ്ഥാനത്തെ കൊള്ളയിച്ച് സ്വന്തം പോക്കറ്റ് നിറയ്ക്കുക മാത്രമാണ്’- മനോജ് തിവാരി ആഞ്ഞടിച്ചു.

മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാളിനെ ഈ മാസം 28 വരെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടത്. കെജരിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയെയും കെജരിവാളിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കെജരിവാളിനെതിരെയുള്ള മൊഴികള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍.

Leave a Reply

Your email address will not be published. Required fields are marked *