Your Image Description Your Image Description

മലപ്പുറം: പാണ്ടിക്കാട് പൊലീസ്  ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം വ്യക്തമായി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതോടെയാണ് മരണകാരണം വ്യക്തമായിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പൊലീസ് മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പൊലീസുകാരായ ആന്റസ് വിൻസൻ,​ ടി.പി.ഷംസീർ എന്നിവരെ ജില്ലാ പൊലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ‌് ചെയ്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സി.ബാബുവാണ് പരാതി അന്വേഷിക്കുന്നത്. മൊയ്തീൻ കുട്ടിയുടെ ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്നും മർദ്ദനമേറ്റതിന്‍റെ പാടുകൾ കാണുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്‌ പറയുന്നു.

പാണ്ടിക്കാട്ട് യുവാക്കൾ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീൻകുട്ടിയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നത്. പഞ്ചായത്ത് അംഗത്തിനും ഒരു സാമൂഹിക പ്രവർത്തനും ഒപ്പമായിരുന്നു അദ്ദേഹം പൊലീസിൽ ഹാജരായത്. പൊലീസ് സ്റ്റേഷനിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ അഞ്ചരയോടെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *