Your Image Description Your Image Description

തൃശൂർ: കെ.മുരളീധരന് വേണ്ടി ചുവരെഴുതി ടി.എൻ പ്രതാപൻ എം.പി. തന്‍റെ വീടിന് സമീപമുള്ള മതിലില്‍ തന്നെയാണ് ടി എൻ പ്രതാപന്‍റെ ചുവരെഴുത്ത്. മുരളീധരന് വേണ്ടിയുള്ള പ്രചാരണപരിപാടികളുടെ തുടക്കമെന്ന നിലയിലാണ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രതാപന്‍ ചുവരെഴുത്ത് നടത്തിയത്.  മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്.

ടി.എൻ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ തൃശൂർ ജില്ലാ നേതൃത്വം നിർദേശം നൽകിയിരുന്നു. 150ലധികം ഇടങ്ങളിൽ ടി.എൻ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകൾക്കുള്ള പ്രവർത്തനഫണ്ടും വിതരണം ചെയ്തിരുന്നു. കെ മുരളീധരന് വേണ്ടി താൻ തൃശൂരില്‍ സജീവമായി ഉണ്ടാകുമെന്നാണ് ടിഎൻ പ്രതാപൻ അറിയിച്ചിരിക്കുന്നത്, പാര്‍ട്ടിയുടെ തീരുമാനത്തില്‍ തനിക്ക് യാതൊരു അതൃപ്തിയുമില്ല- സന്തോഷമാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

തൃശൂരില്‍ സുരേഷ് ഗോപിക്കും വി എസ് സുനില്‍കുമാറിനുമെതിരെ ടിഎൻ പ്രതാപനായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ പത്മജ വേണുഗോപാല്‍ ബിജെപിക്ക് വേണ്ടി ചാലക്കുടിയിലിറങ്ങുമെന്നായപ്പോള്‍ കോണ്‍ഗ്രസ് അടവ് മാറ്റുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുക. കെ.സി.വേണുഗോപാലിന്റെ വസതിയിൽ അവസാനവട്ട ചർച്ച പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *