Your Image Description Your Image Description

ഡൽഹി: ഉപയോക്താക്കൾ ഐടി നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകി കേന്ദ്രം. പ്രമുഖർക്കെതിരായുള്ള ഡീപ്ഫേക്കുകളുടെ ആശങ്കാജനകമായ സാഹചര്യം കണക്കിലെടുത്താണ് നടപടി. ഇൻസ്റ്റ​ഗ്രാം, എക്സടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾക്കാണ് നിർദേശം.

നിർമിത ബുദ്ധി ഉപയോ​ഗിച്ച് കൃത്രിമമായ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതിൽ ഐ.ടി മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം മാധ്യമങ്ങളിൽ അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങൾ എന്തെല്ലാമാണെന്ന് എല്ലാ ഭാഷകളിലും രേഖപ്പെടുത്തണമെന്നും നിർദേശം.

നിയമലംഘകരെ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടാകുന്ന പാളിച്ച നിയമപരമായി ഇത്തതരം മാധ്യമങ്ങളുടെ പിഴവാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് കൃത്യമായ ധാരണയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഇവരുടെ ഉത്തരവാദിത്വമാണ്.

തെറ്റായ വിവരങ്ങൾ ഇന്റർനെറ്റ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. നിർമിത ബുദ്ധി ഉപയോ​ഗിച്ചുണ്ടാക്കുന്ന തെറ്റായ വിവരങ്ങൾ ഇത്തരം ഭീഷണി വർധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡീപ് ഫേക്കുകൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് നേരത്തെ പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. ഇത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഡീപ് ഫേക്കുകൾക്കെതിരെ മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.

നിർമിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി നിർമിക്കുന്ന, യഥാർഥമെന്ന് തോന്നുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദം ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ തുടങ്ങിയവയെയാണ് ഡീപ്പ് ഫേക്കുകൾ എന്ന് വിളിക്കുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കത്രീന കൈഫ്, കജോൾ എന്നിവരുടേയും ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *