Your Image Description Your Image Description
എറണാകുളം: സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിൻ്റെ ഭാഗമായി നാലുവരിയാക്കാൻ അവശേഷിക്കുന്ന ഭാരത് മാത കോളേജ് – കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് – ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കും.
മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം ഇക്കാര്യം തീരുമാനിച്ചു. ഈ രണ്ട് റീച്ചുകൾക്കിടയിലുള്ള കളക്ടറേറ്റ് – ഇൻഫോപാർക്ക് ഭാഗം നാലുവരിയാക്കാനുള്ള പ്രവർത്തനങ്ങൾ കൊച്ചി മെട്രോ ആരംഭിച്ചിട്ടുണ്ട്. പുതിയ നാലുവരിപ്പാതയുടെ നിർദ്ദേശം ആർ.ബി. ഡി. സി.കെ തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന് സമർപ്പിക്കും.
എൻ.എ.ഡി – മഹിളാലയം റീച്ചിന് ആവശ്യമായ 722 കോടി രൂപയുടെ അനുമതിയപേക്ഷ അടുത്ത ബോർഡ് യോഗം പരിഗണിക്കുമെന്ന് കിഫ്ബി, യോഗത്തെ അറിയിച്ചു. എച്ച്. എം.ടി, എൻ.എ.ഡി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. രണ്ടാം ഘട്ട റോഡ് വികസനത്തിലെ എച്ച്. എം.ടി റോഡ് മുതൽ എൻ.എ.ഡി വരെയുള്ള 2.7 കി.മീ ദൂരമാണ് കോടതി നടപടികളെത്തുടർന്ന് തടസപ്പെട്ടിരുന്നത്.
റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.35 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കാൻ ആർ.ബി.ഡി. സി. കെ ക്ക് അനുമതി നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൻ്റെ അന്തിമ വിധിയനുസരിച്ചായിരിക്കും ഭൂമി ഏറ്റെടുക്കലിൻ്റെ സ്വഭാവം തീരുമാനിക്കുകയെങ്കിലും തൽക്കാലത്തേക്ക് നഷ്ടപരിഹാരത്തുക കെട്ടിവെച്ച് റോഡ് നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം.
ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം, തുടർ നടപടികൾ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം.
റോഡ് വികസനത്തിന് എൻ.എ.ഡി.യിൽ നിന്ന് വിട്ടു കിട്ടേണ്ട 529 സെൻ്റ് ഭൂമിക്കായുള്ള അപേക്ഷ വേഗത്തിൽ തീർപ്പാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി വീണ്ടും ബന്ധപ്പെടും. ഭൂമി ലഭ്യമായാൽ എൻ .എ.ഡിയുമായുള്ള ധാരണപ്രകാരം പുനർനിർമ്മിക്കേണ്ട എൻ.എ.ഡി റോഡിനായി 40.50 കോടി രൂപക്കുള്ള നിർദ്ദേശം ആർ.ബി. ഡി. സി. കെ സർക്കാരിന് നൽകാനും തീരുമാനിച്ചു.
റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പൊതുമരാമത്ത്, ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ്, ആർ. ബി.ഡി.സി.കെ എം.ഡി എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *